എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികള്‍; അവകാശവാദവുമായി എന്‍സിപി രംഗത്ത്

എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികള്‍; അവകാശവാദവുമായി എന്‍സിപി രംഗത്ത്

കോട്ടയം: എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികള്‍ രംഗത്തെത്തിയതിനു പിന്നാലെ, സീറ്റിന് അവകാശവാദവുമായി എന്‍സിപിയും രംഗത്ത്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സിപിഐ, കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി കക്ഷികള്‍ക്കു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തുന്നത് സിപിഎമ്മിനു പുതിയ തലവേദനയാകും. സീറ്റില്ലെന്നു പറഞ്ഞ് മാറ്റിനിര്‍ത്താനാകും സിപിഎം ശ്രമമെങ്കിലും കിട്ടിയില്ലെങ്കിലോ എന്നൊരു ചോദ്യമില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്.

മറ്റു പല കക്ഷികളും വന്നുംപോയും ഇരുന്നപ്പോള്‍ സിപിഎമ്മിനും സിപിഐക്കും ഒപ്പം മുന്നണിയില്‍ ഉറച്ചുനിന്ന കക്ഷിയാണ് എന്‍സിപിയെന്നും കേരള കോണ്‍ഗ്രസ്, ആര്‍ജെഡി പാര്‍ട്ടികളെക്കാള്‍ അര്‍ഹത തങ്ങള്‍ക്കാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ”ചര്‍ച്ചകളിലൂടെ ന്യായമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പലപ്പോഴും പിന്നെ പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടപ്പോഴും നല്‍കിയില്ല. രാജ്യസഭാ സീറ്റ് കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ” – എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ ചാക്കോയെ രാജ്യസഭയിലേക്ക് അയയ്ക്കാനാണോ നീക്കമെന്ന ചോദ്യത്തിന്, സീറ്റ് കിട്ടിയ ശേഷം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. ചാക്കോയെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനും താല്‍പര്യമുണ്ട്. ഇക്കാര്യം ചാക്കോ കോണ്‍ഗ്രസ് വിട്ടുവന്ന സമയത്തുതന്നെ, ശരദ് പവാറുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ അനൗദ്യോഗികമായി സിപിഎമ്മിനോടു പറഞ്ഞിരുന്നു.

Top