ബന്ദികളെ വിട്ടയക്കുമെങ്കില്‍ വെടിനിര്‍ത്തല്‍ നാളെത്തന്നെ; ജോ ബൈഡന്‍

ബന്ദികളെ വിട്ടയക്കുമെങ്കില്‍ വെടിനിര്‍ത്തല്‍ നാളെത്തന്നെ; ജോ ബൈഡന്‍
ബന്ദികളെ വിട്ടയക്കുമെങ്കില്‍ വെടിനിര്‍ത്തല്‍ നാളെത്തന്നെ; ജോ ബൈഡന്‍

വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ബന്ദികളെ വിട്ടയക്കുമെങ്കില്‍ നാളെത്തന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തെക്കന്‍ ഗാസയിലെ റഫ നഗരത്തെ ഇസ്രയേല്‍ ആക്രമിക്കുകയാണെങ്കില്‍ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡന്‍ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിറകേയാണ് ബൈഡന്‍ വെടിനിര്‍ത്തല്‍ സാധ്യത മുന്നോട്ടുവെച്ചിരിക്കുന്നത്.

തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ അനുവദനീയമല്ലാത്ത രീതിയില്‍ ഉപയോഗിച്ച് ഇസ്രയേല്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാര്‍ലമെന്റിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ആഭ്യന്തരവകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായി പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിട്ടും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഹമാസിനും ഇസ്രയേലിനും സാധിച്ചിട്ടില്ല. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ 250 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. അവരില്‍ 128 പേര്‍ ഇപ്പോഴും പലസ്തീന്‍ പ്രദേശത്ത് തടവിലാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു, ഇതില്‍ 36 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഹമാസ് ആക്രമണത്തില്‍ 1,170-ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഇവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. ഗാസയില്‍ ഇതുവരെ 34,971 പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Top