ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് മത്സരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് വാരണസി ജില്ലാ കളക്ട്രേറ്റിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്നാം തവണ വാരണാസിയില്‍ നിന്ന് മത്സരിക്കുന്ന അദ്ദേഹത്തിന്റെ കയ്യിലുള്ളത് 52,000 രൂപ മാത്രം. 3.02 കോടി രൂപയുടെ ജംഗമവസ്തുക്കളും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും അദ്ദേഹം നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 11 ലക്ഷമായിരുന്ന മോദിയുടെ വരുമാനം 2022-23 ല്‍ 23.5 ലക്ഷമായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നികുതി വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയില്‍ 7,000 രൂപ മാത്രമാണുള്ളത്. എസ്ബിഐയില്‍ അദ്ദേഹത്തിന് 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പ്രധാനമന്ത്രിയുടെ പക്കല്‍ 2,67,750 രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളും ഉണ്ട്.
2014ല്‍ വാരാണസിയില്‍ നിന്ന് ആദ്യമായി മത്സരിച്ച പ്രധാനമന്ത്രി ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.