ഡല്‍ഹി: സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി.’വിഭജനത്തിന്റെ ഇരകള്‍ക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയില്‍ ശരണം പ്രാപിച്ചവരെ കോണ്‍ഗ്രസ് അവഗണിച്ചു. കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ നോക്കിയെന്നും’ മോദി പറഞ്ഞു. സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും മോദി വെല്ലുവിളിച്ചു. ‘രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേര്‍ന്നാലും സിഎഎ തടയാനാവില്ല.ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. മുസ്ലിം ലീഗും കേരള സര്‍ക്കാരും ഹര്‍ജി നല്കിയിരുന്നു. സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കെയാണ് പലര്‍ക്കും സര്‍ക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്. അവസാന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിഎഎ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തില്‍ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവസാനത്തെ ആയുധവും കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുകയാണ്. 2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു ശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമതതിന്റെ ചട്ടങ്ങള്‍ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. അപേക്ഷള്‍ പരിഗണിക്കാന്‍ ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദ്ദേശം. പൗരത്വം നല്കുന്നത് സെന്‍സസ് ഡയറ്കര്‍ ജനറല്‍ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിരുന്നില്ല. രാജസ്ഥാന്‍, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് തുടക്കത്തില്‍ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളാണ് തുടക്കത്തില്‍ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതല്‍ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.