തിരുവനന്തപുരം: രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുസ്ലീങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പച്ചയായ വര്‍ഗീയത പറയുന്ന തരത്തില്‍ സമനിലതെറ്റിയ നിലയിലാണ് പ്രധാനമന്ത്രിയെന്ന് എം വി ഗോവിന്ദന്‍. വര്‍ഗീയധ്രൂവീകരണം നടത്തി ഹിന്ദുത്വയെന്ന ഫാസ്റ്റിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് ബിജെപി സര്‍ക്കാര്‍. മോദി അധികാരത്തില്‍ വന്ന 10 വര്‍ഷത്തില്‍ ഫാസിസത്തിലേക്ക് നയിക്കുന്ന പൗരത്വഭേദഗതി നിയമനിര്‍മ്മാണം ഇവിടെ നടത്തി. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്നതാണ് കേന്ദ്ര മുദ്രാവാക്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയ്ക്കായി പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. ഇതാണ് ഇടതുപക്ഷത്തിന്റെ ശക്തമായ മുദ്രാവാക്യം. എന്നാല്‍, കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല. പൗരത്വനിയമഭേദഗതി റദ്ദാക്കുമെന്ന് കരടില്‍ ഉള്‍പ്പെടുത്തിയെന്ന് പറയുന്ന കോണ്‍ഗ്രസ് അന്തിമ പത്രികയില്‍ അതൊഴിവാക്കി. ആര്‍എസ്എസിന്റെ ഹിന്ദുത്വനിലപാടിനൊപ്പം നീങ്ങുന്ന മൃദുഹിന്ദുത്വ നിലപാടായതിനാല്‍ കോണ്‍ഗ്രസിന് ശരിയായ സമീപനം സ്വീകരിക്കാനാവുന്നില്ല. കേരളത്തിനപ്പുറത്തേക്ക് കോണ്‍ഗ്രസിന് മതനിരപേക്ഷതയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ സാമ്പത്തിക മാന്ദ്യം മാറിയാല്‍ ക്ഷേമ പെന്‍ഷന്‍ 1600ല്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തും. ഇതോടൊപ്പം കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കുടുംബ പെന്‍ഷന്‍ ഉള്‍പ്പടെ കൊടുക്കുന്നതിനുള്ള ആലോചനകളും നടത്തി വരികയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ ആയില്ലെങ്കില്‍ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്. ജാഗ്രതയോടെ വോട്ട് ചെയ്യണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.