ബി​.ജെ.പി എംപിയുടെ മകൻ ഇൻഡ്യാ റാലിയിൽ; കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് പങ്കെടുത്തു

ബി​.ജെ.പി എംപിയുടെ മകൻ ഇൻഡ്യാ റാലിയിൽ; കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് പങ്കെടുത്തു
ബി​.ജെ.പി എംപിയുടെ മകൻ ഇൻഡ്യാ റാലിയിൽ; കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് പങ്കെടുത്തു

ഹസാരിബാഗ് (ഝാർഖണ്ഡ്): മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെൻ്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് സിൻഹ ഇൻഡ്യ റാലിയിൽ പ്രത്യക്ഷപ്പെട്ടത്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് റാലിയിൽ ആ​ശിഷ് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയിൽ സംബന്ധിച്ചിരുന്നു. പാർട്ടി നേതാക്കൾ ആശിഷിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ആശിഷ് കോൺഗ്രസിൽ ചേർന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അദ്ദേഹമോ കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇൻഡ്യ റാലിയിൽ പങ്കെടുത്തുവെന്നതുകൊണ്ട് അദ്ദേഹം കോൺഗ്രസിൽ ചേർന്നുവെന്ന് അർഥമില്ലെന്ന് ഝാർഖണ്ഡ് കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് താക്കൂർ പ്രതികരിച്ചു. യശ്വന്ത് സിൻഹയെ റാലിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തി​ൻ്റെ പ്രതിനിധിയായി ആ​ശിഷ് പങ്കെടുക്കുകയായിരുന്നു​വെന്നും താക്കൂർ വിശദീകരിച്ചു.

ഹസാരിബാഗിൽ സ്ഥാനാർഥിയായി ബി.ജെ.പി രംഗത്തിറക്കിയത് മനീഷ് ജയ്സ്വാളിനെയാണ്. സിറ്റിങ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹക്ക് ഇക്കുറി ബി​.ജെ.പി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ജയന്ത് സിൻഹയും അതിനുമുമ്പ് അദ്ദേഹത്തിൻ്റെ പിതാവ് യശ്വന്ത് സിൻഹയുമാണ് 1998 മുതൽ കഴിഞ്ഞ 26 വർഷമായി ഹസാരിബാഗ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ജയന്ത് സിൻഹ വിജയിച്ചിരുന്നത്.

ആശിഷിൻ്റെ ഇൻഡ്യ റാലിയിലെ പങ്കാളിത്തം രാഷ്ട്രീയ വൃത്തങ്ങളിൽ നിരവധി അഭ്യൂഹങ്ങൾക്കാണ് വഴിതുറന്നത്. ബി.ജെ.പിയിലെ പ്രധാനിയായിരുന്ന യശ്വന്ത് സിൻഹ കുറച്ചുകാലമായി നരേന്ദ്ര മോദി-അമിത് ഷാ ടീമിൻ്റെയും കേന്ദ്ര സർക്കാറിൻ്റെയും നിശിത വിമർശകനാണ്. നിലവിൽ തൃണമൂൽ കോൺഗ്രസിലാണ്. ഹസാരിബാഗിൽ ജയന്തി​ന് സീറ്റ് നൽകാതിരുന്നത് സിൻഹ കുടുംബത്തോട് കാട്ടിയ കടുത്ത അനീതിയാണെന്ന് ബി.ജെ.പി പ്രവർത്തകരടക്കം തുറന്നടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ.

Top