തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ സംരക്ഷിക്കുന്ന നിലപാട് എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ എടുത്താല്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്ക് സാധ്യത.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയെ സംരക്ഷിക്കുന്ന നിലപാട് ഇനിയും സ്വീകരിക്കുകയാണെങ്കില്‍ ഗ്രൂപ്പ് വികാരം മാറ്റിവച്ച് നിലപാടെടുക്കേണ്ടി വരുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കെപിസിസി യോഗത്തില്‍ തന്റെ നിലപാട് വ്യക്തമാക്കും.
വിജിലന്‍സ് കോടതി മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ് തുടരന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ മാണി രാജിവയ്ക്കണമെന്ന നിലപാടിലാണ് വി.എം സുധീരന്. ഇക്കാര്യം കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനെയും എ.കെ ആന്റണിയെയും അറിയിച്ചിട്ടുണ്ട്.
മാണി മാറിനില്‍ക്കണമെന്ന കാര്യത്തില്‍ ആന്റണിക്ക് മറിച്ചൊരു അഭിപ്രായമില്ലെന്നാണ് ‘ധാര്‍മ്മികത വ്യക്തിപരമായ കാര്യമാണെന്ന’ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ വളരെ കുറച്ച് നേതാക്കളുടെ മാത്രം പിന്തുണയുള്ള വി.എം സുധീരന് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ശക്തനാണെന്നതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് താല്പര്യങ്ങള്ക്കപ്പുറം സുധീരന്റെ നിലപാട് സീറ്റ് ലഭിക്കുന്ന കാര്യത്തില്‍ നിര്ണ്ണായകമാവുമെന്നതും കൂടുതല്‍ നേതാക്കളെ അദ്ദേഹത്തിന്റെ നിലപാടുകളോട് അടുപ്പിക്കാന്‍ കാരണമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വി.എം സുധീരനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനിക്കുമോ എന്ന മുന്‍വിധികളും ഈ നിലപാട് മാറ്റത്തിന് പിന്നിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ പോലും കഴിഞ്ഞ തവണത്തെ തിളക്കമാര്‍ന്ന വിജയമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നാണ് നേതാക്കള്‍ക്കിടയിലെ പൊതുഅഭിപ്രായം.
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിച്ഛായയുള്ള വ്യക്തി തന്നെ വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചുറച്ചാല്‍ വി.എം സുധീരന് തന്നെ നറുക്ക് വീഴുമെന്നാണ് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നത്.
കേരള രാഷ്ട്രീയത്തിലേക്കില്ലെന്ന എ.കെ ആന്റണിയുടെ നിലപാടും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി.എസ് തന്നെ ഇടത് പ്രചാരകനാകുമെന്നതും സുധീരന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സംസ്ഥാനത്തെ ഗ്രൂപ്പ് നേതൃത്വത്തിന്റെ എതിര്‍പ്പ് പഴയപോലെ ഹൈക്കമാന്‍ഡിന് മുന്നില്‍ ചിലവാകില്ലെന്ന് കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തെളിഞ്ഞതിനാല്‍ പരസ്യമായി എതിര്‍ത്ത് സുധീരന്റെയും ആന്റണിയുടെയും കണ്ണിലെ കരടാകേണ്ടെന്ന നിലപാട് യൂത്ത് എംഎല്‍എമാര്‍ അടക്കമുള്ളവര്ക്കിടയിലുണ്ട്.
ബാര്‍ കോഴ കേസിലടക്കം എടുക്കുന്ന നിലപാട് പ്രതിച്ഛായയെ ബാധിക്കുന്നതായതിനാല്‍ അഴിമതിക്കനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ വരുന്ന തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി മോഹികളായ എംഎല്‍എമാരും നേതാക്കളും ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് തന്നെ മാണി രാജിവെക്കേണ്ടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാടുകളെ കണ്ണടച്ച് പിന്തുണയ്ക്കേണ്ട എന്നുതന്നെയാണ് എ-ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.