മധ്യപ്രദേശ് വ്യാപം ‘കൊലപാതക’ പരമ്പര ഏഴാം അറിവ് സിനിമാ തിരക്കഥ പോലെ…

ചെന്നൈ: മധ്യപ്രദേശിലെ വ്യാപം ‘കൊലപാതക’ പരമ്പര തമിഴ് സിനിമാ സ്‌റ്റൈലില്‍!

മധ്യപ്രദേശ് പ്രഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങ് തകര്‍ക്കുന്ന ദുരൂഹ മരണങ്ങളാണ് തമിഴ് സൂപ്പര്‍ഹിറ്റ് സിനിമയായ ഏഴാം അറിവിന്റെ ‘യഥാര്‍ത്ഥ’ ആവിഷ്‌കാരമാകുന്നത്.

ഹിറ്റ് സംവിധായകന്‍ എ.ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകനായ ‘ഏഴാം അറിവിലെ’ വില്ലന്‍ കഥാപാത്രത്തിന്റെ ഹിപ്‌നോട്ടിസത്തിന് വിധേയമായി ‘കൊല്ലപ്പെടുന്ന’ കഥാപാത്രങ്ങള്‍ക്ക് സമാനമാണ് വ്യാപത്തിലെ ദുരൂഹ മരണങ്ങള്‍.

ചൈനയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തി വിനാശത്തിന്റെ വിത്ത് വിതക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ കണ്ണില്‍ നിന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറിയും, ആയുധമുപയോഗിച്ച് സ്വയംകുത്തിയും, വിഷംകഴിച്ചുമെല്ലാം മരിക്കുന്ന ഏഴാം അറിവിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ഈ സിനിമയുടെ ആവിഷ്‌കാരത്തിന് സമാനമാണ് ഇപ്പോള്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന മരണങ്ങള്‍.

പൊലീസിനും ഭരണകൂടത്തിനും കീഴ്‌പ്പെടുത്താന്‍ പറ്റാത്ത രൂപത്തിലുള്ള അമാനുഷിക ശക്തിയുള്ള വില്ലന്‍ കഥാപാത്രത്തെ ഹോളിവുഡ് താരം ജോണിറ്റ് റി ജ്യൂയന്‍ ആണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചതെങ്കില്‍ വ്യാപം കൊലപാതക പരമ്പരയില്‍ ആ കര്‍ത്തവ്യം ഏത് ‘വില്ലനാണ്’ ഏറ്റെടുത്തതെന്നാണ് തമിഴകത്തെ ഇപ്പോഴത്തെ സംസാരം.

സിനിമയെയും താരങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കിയ തമിഴ് ജനതക്കിടയില്‍ ‘ഏഴാം അറിവ്’ സിനിമ ചെലുത്തിയ സ്വാധീനമാണ് ഇപ്പോള്‍ പലര്‍ക്കും ഇത്തരമൊരു സംശയത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.

വിവിധ ആയോധനമുറകള്‍ അഭ്യസിച്ച വ്യക്തികള്‍ക്ക് നോട്ടംകൊണ്ട് മാത്രമല്ല ഒരു ചെറുവിരല്‍ കൊണ്ടുപോലും തങ്ങളുടെ ഇച്ഛക്കനുസരിച്ച് മറ്റുള്ളവരുടെ ബോധാവസ്ഥയെ പൂര്‍ണമായി നിയന്ത്രിക്കാന്‍ പറ്റുമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

കുറ്റാന്വേഷണ രംഗത്ത് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന പൊലീസും വിവിധ അന്വേഷണ ഏജന്‍സികളും വരും നാളുകളില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഗവേഷണങ്ങള്‍’ വരെ നടത്തി ഏത് നീചമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കാത്ത ക്രിമിനലുകളുടെ നെറ്റ്‌വര്‍ക്ക് ഇന്ന് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ഭീഷണിയാണ്.

പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്ത് മരണപ്പെട്ട് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് വിദഗ്ദ്ധ കൊലപാതകമാണെന്ന് തെളിഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണവും ഇപ്പോള്‍ രാജ്യത്തിന് മുന്‍പിന്‍ ചോദ്യ ചിഹ്നമാണ്. മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരാണ് കൊന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊലപാതക അന്വേഷണങ്ങളില്‍ മാത്രമല്ല കൊലപാതകങ്ങളിലും ശാസ്ത്രീയ രീതികള്‍ക്കും അപ്പുറമുള്ള മാര്‍ഗ്ഗങ്ങള്‍ കുറ്റവാളികള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നുണ്ട്. അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങള്‍ക്കുമപ്പുറമാണ് ക്രിമിനലുകളുടെ പ്രവര്‍ത്തനം.

വ്യാപം കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ മന:സാക്ഷിയെ ഞെട്ടിച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനകം തന്നെ 46 ആയി ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 25 ആണ്.

മധ്യമപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക, പത്രപ്രവര്‍ത്തകനായ അക്ഷയ്കുമാര്‍, ജബല്‍പൂര്‍ മെഡിക്കല്‍ കോളേജ് ഡീന്‍ അരുണ്‍ ശര്‍മ്മ തുടങ്ങി പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെ വരെ നീളുന്നതാണ് മരണപ്പെട്ടവരുടെ പട്ടിക.

‘വ്യാപം’ വഴി മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വ്വീസിലേക്കുള്ള നിയമനങ്ങളിലും പ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിലും വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായി 2013-ല്‍ ആണ് പുറത്ത് വന്നത്.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യപ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കേസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ദുരൂഹ മരണങ്ങള്‍ വ്യാപകമായത്.

ഒരു മരണത്തിന്റെ പോലും വ്യക്തമായ കാരണം ചൂണ്ടിക്കാണിക്കാനോ യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരാനോ ഇതുവരെ മധ്യപ്രദേശ് പൊലീസിന് കഴിഞ്ഞിട്ടില്ല.

Top