പിണറായിയുടെ മുന്നില്‍ നല്ലപിള്ളയാവാനാണ് വി.എസിന്റെ ശ്രമമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വി.എസിനെതിരെ വീണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് ആദ്യം ഗുരുവിനെ കുറിച്ച് പഠിക്കണം. തീര്‍ഥാടകനായിട്ട് ഒരു തവണയെങ്കിലും വി.എസ് ശിവഗിരിയില്‍ പോകണം. എ.കെ.ജി സെന്ററിലെ സഖാക്കന്മാര്‍ എഴുതി നല്‍കുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വി.എസ് ചെയ്യുന്നത്. എസ്.എന്‍.ഡി.പിയുടെ ബജറ്റ് സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ മുന്നില്‍ നല്ലപിള്ളയാവാനാണ് വി.എസിന്റെ ശ്രമം. ആര്‍ക്കും വേണ്ടാത്ത ഒരു നേതാവായി വി.എസ് മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സഹായിക്കില്ല. ബി.ജെ.പിയടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എസ്.എന്‍.ഡി.പി കൂട്ടുകൂടില്ലെന്നും നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കള്‍ക്ക് എസ്.എന്‍.ഡി.പിയുടെ വേദി നല്‍കുകയുള്ളൂവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം എന്നീ പാര്‍ട്ടികള്‍ക്ക് അതീതമായൊരു പാര്‍ട്ടിയെക്കുറിച്ചാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്.എന്‍.ഡി.പി. ബി.ജെ.പി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയെ അതിരൂക്ഷമായ ഭാഷയില്‍ ഇന്നലെ വി.എസ് വിമര്‍ശിച്ചിരുന്നു. യോഗം ജനറല്‍ സെക്രട്ടറിയായി മഹാകവി കുമാരനാശാന്‍ 14 വര്‍ഷമിരുന്ന കസേരയിലിരുന്നു ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാണെന്നു പറയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രവൃത്തി ചരിത്രനിഷേധവും അപകടകരവുമാണെന്നായിരുന്നു വി.എസിന്റെ പ്രസ്താവന.

ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്ക വയ്ക്കാനാണു ശ്രമം. ഇത് അനുവദിക്കാനാകില്ല. ജാതിവികാരത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ ഒരു കാലത്തും യോജിച്ചുപോകില്ല. ഇത് എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവുമെന്നും വി.എസ് ചൂണ്ടിക്കാട്ടിയിരുന്നു.

Top