ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം മാസവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞു. സെപ്റ്റംബറില്‍ കയറ്റുമതി 24.33% ഇടിഞ്ഞ് 2184 കോടി ഡോളറിലെത്തി. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതാണ് കറ്റുമതിയില്‍ പ്രതിഫലിച്ചത്.
കയറ്റുമതിക്കൊപ്പം, ഇറക്കുമതിയും കുറഞ്ഞത് വ്യാപാര കമ്മി കുറച്ചു. കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 25.42% കുറവ് രേഖപ്പെടുത്തി. ഇത് 3232 കോടി ഡോളറില്‍ എത്തി. വ്യാപാര കമ്മി 1047 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1447 കോടി ഡോളറായിരുന്നു.
സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയിലെ കുറവാണ് വ്യാപാരക്കമ്മി കുറയാന്‍ ഇടയാക്കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 13293 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 17.36% കുറവ്. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ വ്യാപാര കമ്മി 6799 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7269 കോടി ഡോളറും.
എണ്ണ, സ്വര്‍ണം ഇറക്കുമതി കുറഞ്ഞത് ആശ്വാസത്തിനു വക നല്കുന്നു. കഴിഞ്ഞ മാസം 200 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി മാത്രമാണ് നടന്നത്. 2014 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തിയാല്‍ 45.62% കുറവ്. എണ്ണ ഇറക്കുമതി 54.53% താഴ്ന്ന് 662 കോടി ഡോളറിലെത്തി. ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ ഇത് 41.58% താഴ്ന്ന് 4812.8 കോടി ഡോളറിലെത്തി.