ചെറിയാന്റെ വിവാദ പോസ്റ്റ് ആയുധമാക്കി യുഡിഎഫ്; സിപിഎമ്മിനുള്ളില്‍ ഭിന്നത

തിരുവനന്തപുരം:ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പരാമര്‍ശം ആയുധമാക്കി യുഡിഎഫിന്റെ പ്രചാരണം.

‘യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗ്ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമുള്ള’ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ഇടത് മുന്നണിക്കെതിരായ പ്രചരണമാക്കി യുഡിഎഫ് മാറ്റിയിരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിനെ പിന്‍തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം പിണറായി വിജയനും രംഗത്ത് വന്നപ്പോള്‍ പരാമര്‍ശത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസകും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എം.പിയുമായ ടി.എന്‍ സീമയും രംഗത്ത് വന്നുവെന്നതും ശ്രദ്ധേയമാണ്.

സ്ത്രീകള്‍ക്കെതിരെ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയതെന്നാണ് വി.എസിന്റെയും ടി.എന്‍ സീമ അടക്കമുള്ളവരുടെയും നിലപാട്.

എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും, കോണ്‍ഗ്രസിലെ സ്ത്രീകള്‍ തന്നെ നേരത്തെ ഇത് പറഞ്ഞ് കേട്ടിട്ടുണ്ടെന്നുമാണ് പിണറായിയുടെയും കോടിയേരിയുടെയും പ്രതികരണം.

സിപിഎം നേതാക്കളുടെ ഈ നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡ്ന്റ് വി.എം സുധീരനും അടക്കമുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പെനതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും ഇതിനകം തന്നെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശശിക്കെതിരെയും ഗോപി കോട്ടമുറിക്കലിനെതിരെയും സദാചാര വിരുദ്ധ പ്രവര്‍ത്തി നടത്തിയതിന് നടപടിയെടുക്കേണ്ടിവന്ന പാര്‍ട്ടിയില്‍ തന്നെയാണ് സ്ത്രീ വിരുദ്ധത ഉള്ളതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

ഇക്കാര്യങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫ് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ചാനലിലെ സ്ഥിരം മുഖമായ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനേക്കാള്‍ അതിനെ ന്യായീകരിച്ച സിപിഎം നേതാക്കളുടെ നടപടിയാണ് യുഡിഎഫ് ആയുധമാക്കുന്നത്.

അതേസമയം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ചെറിയാന്‍ ഫിലിപ്പ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസ് നാറുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജാതിയും മതവുമെല്ലാം ‘മാറ്റുരയ്ക്കുന്ന’ തദ്ദേശ തെരഞ്ഞെടുപ്പില്‍ സദാചാരം കൂടി പ്രചരണമായതോടെ ഇരു വിഭാഗങ്ങളിലെയും വാശിയും വീറും സംഘര്‍ഷത്തില്‍ കലാശിക്കുമോയെന്ന ആശങ്കയിലാണ് പൊലീസ്.

Top