കെ.എം മാണിയ്ക്ക് ആവശ്യം വിശ്രമമെന്ന് പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയ്ക്ക് ഇനി ആവശ്യം വിശ്രമമാണെന്ന് പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാണി ആറുമാസത്തെ വിശ്രമമെടുക്കണമെന്നും ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലാണ് അദ്ദേഹമെന്നും പന്തളം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഈ കാലയളവില്‍ ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും, ഇക്കാര്യത്തില്‍ യു.ഡി.എഫ് കൂട്ടായ തീരുമാനമെടുക്കണമെന്നും പന്തളം അഭിപ്രായപ്പെടുന്നു. മാണി വിശ്രമത്തില്‍ പോകുകയാണെങ്കില്‍ പ്രതിപക്ഷസമരം തണുക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആദരണീയനായ ധനമന്ത്രി ശ്രീ കെ എം മാണിക്ക് ഇനി വേണ്ടത് അല്‍പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍ അതെല്ലാം ഭേദിച്ച്, നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യുഡിഎഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീ കെ എം മാണി. എന്നാല്‍ കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്കു വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.

Top