എച്ച്.പി രണ്ട് കമ്പനികളായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ഹാഡ്‌വെയര്‍ രംഗത്തെ പ്രഗത്ഭരായ എച്ച്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂവറ്റ് പക്കാര്‍ഡ് രണ്ട് കമ്പനികളായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. ഒരു കമ്പനി പേര്‍സണല്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍ ബിസിനസ്സിലും. മറ്റൊരു കമ്പനി ഹാര്‍ഡ് വെയര്‍ സര്‍വ്വീസ് മേഖലകളിലും ആയിരിക്കും പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടര്‍ ആന്‍ഡ് പ്രിന്റര്‍ വിഭാഗം എച്ച്.പി കമ്പനി എന്ന പേരില്‍ തന്നെയും മാതൃസ്ഥാപനം ഹ്യൂലറ്റ് പക്കാര്‍ഡ് എന്റര്‍പ്രൈസസ് എന്നും അറിയപ്പെടും.

കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കി, ലാഭം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് രണ്ട് കമ്പനികളായി ലിസ്റ്റ് ചെയ്യുന്നതെന്ന് എച്ച്.പി അറിയിച്ചു. എച്ച്.പിയില്‍ നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ചെലവ് ചുരുക്കി ലാഭം കൂട്ടുന്നതിന്റെ ഭാഗമായി 55,000 പേരെ തൊഴിലില്‍ നിന്ന് പിരിച്ചുവിടാനും എച്ച്.പി ആലോചിക്കുന്നുണ്ട്.

ബില്‍ ഹ്യൂലറ്റ്, ഡേവ് പക്കാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് 1939ല്‍ കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ച എച്ച്.പി, ഐ.ടി രംഗത്ത് അമേരിക്കയുടെ മുന്നേറ്റത്തിന് മികച്ച പങ്ക് വഹിച്ച കമ്പനിയാണ്.

ഇതിന്റെ ഭാഗമായി രണ്ടു കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എച്ച്.പിയുടെ മൊത്തം വരുമാനത്തിലും ലാഭത്തിലും ഇരു വിഭാഗങ്ങളും തുല്യ പങ്കാണ് വഹിക്കുന്നത്. കമ്പനിയുടെ നിലവിലെ ഓഹരിയുടമകള്‍ക്ക് രണ്ട് കമ്പനികളായി മാറുമ്പോഴും ഓഹരി പങ്കാളിത്തമുണ്ടാകും.

Top