ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും സണ്‍ഗ്ലാസ് വയ്ക്കുന്നത് നിയമവിരുദ്ധം !

തിരുവനന്തപുരം: നീതി നിര്‍വഹണത്തില്‍ കര്‍ക്കശ നിലപാടെടുത്ത് പൊതു സമൂഹത്തിന്റെ കയ്യടി നേടിയ ഐപിഎസ് ഉദ്യോഗസ്ഥരായ ഋഷിരാജ്‌സിംഗും യതീഷ് ചന്ദ്രയും ലംഘിക്കുന്നത് സര്‍വ്വീസ് നിയമം?

സണ്‍ഗ്ലാസ് ധരിക്കുന്നത് ഓള്‍ ഇന്ത്യ സര്‍വ്വീസ് നിയമം സെക്ഷന്‍ 3(1)-1968 അനുസരിച്ച് നിയമവിരുദ്ധമാണെന്നാണ് ബസ്തര്‍ കളക്ടര്‍ക്കെതിരായ നടപടിയിലൂടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ബസ്തറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സണ്‍ഗ്ലാസ് ധരിച്ച് സ്വീകരിച്ചതിനാണ് കളക്ടര്‍ അമിത് കടാരിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സണ്‍ഗ്ലാസും നീല ഷര്‍ട്ടും ധരിച്ചാണ് അമിത് കടാരിയ പ്രധാനമന്ത്രിയെ സ്വീകരിച്ചിരുന്നത്.

ഇത് ഓള്‍ ഇന്ത്യ സര്‍വ്വീസ് നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ഇത് സൂചിപ്പിക്കുന്നത് ജോലിയോടുള്ള ആത്മാര്‍ത്ഥത ഇല്ലായ്മയാണെന്നും മേലില്‍ ഇത്തരം നടപടി ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് മുഖ്യമന്ത്രി രമണ്‍ സിംഗ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. ശരിയായ ‘ഡ്രസ് കോഡ്’ പാലിക്കണമെന്ന കര്‍ക്കശ നിര്‍ദേശവും ഉത്തരവിലുണ്ട്.

മാവോയിസ്റ്റുകളുടെ സ്വാധീനം രാജ്യത്ത് ഏറ്റവും അധികമുള്ള ദന്തേവാഡ ഉള്‍പ്പെടുന്നതാണ് ബസ്തര്‍ ജില്ല. ഇവിടെ മാവോയിസ്റ്റ് ഭീഷണി വകവെക്കാതെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി വികസന പദ്ധതികളുടെ തറക്കല്ലിടുന്നതിനായെത്തിയത്.

സമീപത്തെ സുകമ ജില്ലയിലെ അഞ്ഞൂറോളം ഗ്രാമവാസികളെ ബന്ധികളാക്കിയും ഗ്രാമത്തലവന്റെ സഹോദരനെ വെടിവച്ച് കൊന്നുമാണ് അന്ന് മാവോയിസ്റ്റുകള്‍ രോക്ഷം തീര്‍ത്തത്.

ഔദ്യോഗിക വേഷത്തിന് പകരം വെള്ള ഷര്‍ട്ട് ധരിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ദന്തേവാഡ സബ് കളക്ടര്‍ക്ക് ശാസനയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഈ അപൂര്‍വ നടപടി സിവില്‍ സര്‍വ്വീസ് മേഖലയെ ആകെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഡ്രസ്സ് കോഡ് പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും സണ്‍ഗ്ലാസ് വച്ചത് എങ്ങനെ കുറ്റമാകുമെന്നാണ് ഉദ്യോഗസസ്ഥര്‍ക്കിടയിലെ ചോദ്യം. ഇക്കാര്യത്തെക്കുറിച്ച് സര്‍വ്വീസ് നിയമത്തില്‍ സെക്ഷന്‍ 3(1)-1968പ്രകാരം പറയുന്നില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സംഭവം എന്തായാലും ദേശീയ തലത്തില്‍ ‘സണ്‍ഗ്ലാസ് സംഭവം’ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

കേരളത്തില്‍ നീതിനിര്‍വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരെന്ന ഇമേജുള്ള എഡിജിപി ഋഷിരാജ് സിംഗും ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയും ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ തന്നെ സണ്‍ഗ്ലാസ് വച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഫോട്ടോകള്‍ സുലഭവുമാണ്.

ഓള്‍ ഇന്ത്യ സര്‍വ്വീസ് നിയമം രാജ്യത്തെ എല്ലാ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമായതിനാല്‍ ഇനി ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും സണ്‍ഗ്ലാസ് ഊരി വയ്ക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

സംസ്ഥാനത്ത് എസ്‌ഐ തലംമുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ നടന്‍ സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സണ്‍ഗ്ലാസ് വച്ചാണ് ഇപ്പോള്‍ ചെത്തിനടക്കുന്നത്. ഓള്‍ ഇന്ത്യ സര്‍വ്വീസ് നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണവര്‍.

Top