2021 സുസുക്കി ഹയാബൂസ ഇന്ത്യന്‍ വിപണിയിലേക്ക്‌

2021 ഹയാബൂസ മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സുസുക്കി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മോട്ടോര്‍സൈക്കിളിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പൂര്‍ണ്ണമായും നവീകരിച്ച സ്‌പോര്‍ട്‌സ് ടൂറര്‍ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെയാണ് പഴയ തലമുറ മോഡല്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്നും പിന്‍വലിച്ചത്. പുതിയ ഹയാബൂസ ഇപ്പോള്‍ ഇന്ത്യയില്‍ വീണ്ടും അവതരണത്തിനൊരുങ്ങുകയാണ്.

വാസ്തവത്തില്‍, തെരഞ്ഞെടുത്ത സുസുക്കി ഡീലര്‍ഷിപ്പുകള്‍ ബൈക്കിനായുള്ള അനൗദ്യോഗിക പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. പുതിയ ഹയാബൂസ ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

അപ്ഡേറ്റ് ചെയ്ത സാങ്കേതിക സവിശേഷതകളും പുതിയ ബൈക്കിന്റെ ഫീച്ചറുകളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹയാബൂസയുടെ ഹൃദയഭാഗത്ത് 1340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ കരുത്ത് നല്‍കുന്നു.

ഈ യൂണിറ്റ് ഇപ്പോള്‍ ബിഎസ് VI / യൂറോ 5 സവിശേഷതയോടെയാണ് വരുന്നത്. ഇത് 9,700 rpm-ല്‍ 187 bhp പരമാവധി കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ആണ് നല്‍കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, പവര്‍ മോഡ് സെലക്ടര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് പുതിയ ബുസയുടെ പ്രധാന സവിശേഷതകള്‍.

Top