പാക്കിസ്ഥാൻകാരന് വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയതെന്ന് സമ്മതിച്ച് പിടിയിലായി സുബൈർ

കൊച്ചി: ആഴക്കടലിലെ ലഹരി വേട്ടക്കേസില്‍ പിടിയിലായ പാക്ക് പൗരന്‍ കാരിയറെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റിമാന്‍ഡ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ലഹരിക്കടത്തുകാരനു വേണ്ടിയാണ് 25,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയതെന്ന് സുബൈർ ദേരാക്ഷാൻദെ (29) പറഞ്ഞു. പാക്കിസ്ഥാൻ പൗരനായ ഇയാൾ ഇറാനിലായിരുന്നു താമസം.

ഇടപാട് കഴിയുമ്പോള്‍ നല്ല തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പേരില്ലാത്ത ബോട്ടില്‍ ലഹരിമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയതെന്നാണു സുബൈറിന്റെ മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തിനാണ് ആഴക്കടലില്‍വച്ച് നാവികസേന ബോട്ട് വളഞ്ഞ് ലഹരിമരുന്ന് പിടികൂടിയത്.

പാക്കിസ്ഥാനിയാണെന്നു സുബൈര്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 132 കെട്ടുകള്‍ക്കുള്ളില്‍ 2525 പ്ലാസ്റ്റിക് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. റിമാന്‍ഡിലുള്ള സുബൈറിനെ കസ്റ്റഡിയില്‍വാങ്ങാന്‍ അന്വേഷണസംഘം അടുത്തദിവസം അപേക്ഷ നല്‍കും.

Top