ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ‘പച്ചക്കൊടി’ കാട്ടി സൊമാറ്റോ

ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് പ്രോത്സാഹനവുമായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50000 ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളാണ് നിരത്തിലിറങ്ങുക. ഇത് സംബന്ധിച്ച് സൊമാറ്റോയുമായി പാർട്ട്ണർഷിപ്പിൽ ഏർപ്പെട്ടതായി സൺ മൊബിലിറ്റി തിങ്കളാഴ്ച അറിയിച്ചു. പാർട്ട്ണർ ഷിപ്പിൽ ഏർപ്പെട്ടതിന് പിന്നാലെ ഡൽഹിയിൽ ആരംഭിക്കുന്ന പ്രാരംഭ ഫ്ലീറ്റ് വിന്യാസത്തോടൊപ്പം കമ്പനി ബാറ്ററി സ്വാപ്പ് സൊല്യൂഷനുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സൊമാറ്റോയിലെ ഡെലിവറി പാർട്ട്ണേഴ്സിന് ഇതുവഴി പ്രയോജനം ലഭിക്കും. അവരുടെ e-2Ws (ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക്) സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ബാറ്ററി സ്വാപ്പിംഗ് സൊല്യൂഷനുകളിൽ നിന്ന് ഗുണമുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് സൺ മൊബിലിറ്റിയുടെയും സൊമാറ്റോയും ഈ ബന്ധമെന്ന് സൺ മൊബിലിറ്റി സിഇഒ അനന്ത് ബഡ്ജത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.50,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സൊമാറ്റോയുടെ ഫ്‌ളീറ്റിൽ വിന്യസിക്കും. ഇതുവഴി കാർബണിന്റെ അളവ് പ്രതിമാസം 5,000 മെട്രിക് ടൺ കുറയ്ക്കുകയും അന്തരീക്ഷ മലിനികരണം കുറയ്ക്കാനാവുകയും ചെയ്യും ” അദ്ദേഹം കൂട്ടിച്ചേർത്തു.
2030-ഓടെ 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കുന്നത് സംബന്ധിച്ച പദ്ധതിയിൽ ഇരു കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

നേരത്തെ സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊമാറ്റോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിരീയഡ് ലീവ് പോളിസി എല്ലാ വനിതാ ജീവനക്കാർക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് കമ്പനി അന്നു നൽകിയ വിശദികരണം. സൊമാറ്റോയെക്കൂടാതെ സ്വിഗ്ഗി, ബൈജൂസ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നേരത്തെ അനുവദിച്ചിരുന്നു. ഇതിനു ശേഷമാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണനത്തിലും കമ്പനി ഭാഗമാകുന്നത്.

Top