ഇനി പത്ത് മിനിറ്റിനുള്ളിൽ ഓർഡറെത്തും; സ്പീഡ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ

ക്ഷണപ്രിയര്‍ക്കായി പുതിയ പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. സൊമാറ്റോ ഉടന്‍ തന്നെ 10 മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി. പദ്ധതി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടെക് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

ആളുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേഗത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നിലവില്‍ ആപ്പില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷന്‍ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങള്‍ക്കു വഴിവച്ചതെന്നും സൊമാറ്റൊ വ്യക്തമാക്കി.

സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നത് വളരെ സാവധാനത്തിലാണെന്ന് തോന്നിയിട്ടുണ്ട്. കാലഹരണപ്പെട്ട ഇത്തരം സംവിധാനങ്ങളില്‍ നമ്മള്‍ മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ മറ്റൊരാള്‍ കൊണ്ടുവരും. ടെക് വ്യവസായത്തില്‍ പിടിച്ചുനില്‍ക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും സൊമാറ്റോ സ്ഥാപകന്‍ പറഞ്ഞു.

സൊമാറ്റോയുടെ പുതിയ സേവനം വിജയകരമായാല്‍ സ്വിഗ്ഗി പോലുള്ള തങ്ങളുടെ എതിരാളികളും സമീപഭാവിയില്‍ സമാനമായ സേവനങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top