‘സിദാൻ പിഎസ്ജി കോച്ച് ആകില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്’

പാരിസ്: പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്ക് സിനദിന്‍ സിദാന്‍ എത്തുമെന്ന റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് അലയ്ന്‍ മിഗ്ലിയാസിയോ രംഗത്ത്. മൗറീസിയോ പൊചെറ്റിനോയെ പിഎസ്ജി പുറത്താക്കുമെന്നും പകരം സിദാൻ പരിശീലകനാകുമെന്നും ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ യൂറോപ്പ് 1 ആണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് ഫ്രഞ്ച് മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.

പിന്നാലെയാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് രംഗത്തെത്തിയത്. പിഎസ്ജിയുടെ ഉടമകളെ കാണാനും സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്കുമായി സിദാൻ ഖത്തറിലേക്ക് പോയതായും വാർത്തകൾ പ്രചരിച്ചിരുന്നു.

‘സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുള്ള ഒരേയൊരു വ്യക്തിയാണ് ഞാന്‍. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല’- മിഗ്ലിയാസിയോ വ്യക്തമാക്കി.

2020-21 സീസണില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാന്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായി റയലിനെ പരിശീലിപ്പിച്ച സിദാൻ ഹാട്രിക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടമടക്കം 11 ട്രോഫികൾ ടീമിന് സമ്മാനിച്ചിരുന്നു. ഫ്രാൻസ് ടീമിന്റെ പരിശീലകനാകാൻ സിദാന് ആ​ഗ്രഹമുണ്ടെന്ന വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു.

Top