വിശ്വാസ വഞ്ചന കുറ്റം; സിംബാബ്‌വെ വൈസ് പ്രസിഡന്റിനെ റോബര്‍ട് മുഗാബെ പുറത്താക്കി

ഹരാരെ: സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കി.

വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.

വാര്‍ത്താവിനിമയ മന്ത്രി സിമോന്‍ ഖയ മോയോ ആണ് ഇക്കാര്യം അറിയിച്ചത്. മന്‍ഗാഗ്വ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതായി മുഗാബെ ആരോപിച്ചിരുന്നു.

‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്‌വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്‌സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.

മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രെയ്‌സ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ഡിസംബറില്‍ നടക്കുന്ന പ്രത്യേക പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗ്രെയിസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top