സിംബാബ്‍വെ ജനാധിപത്യത്തിലേയ്ക്ക് സഞ്ചരിക്കുന്നുവെന്ന് എമേഴ്‌സന്‍ മന്‍ഗാഗ്വ

ഹരാരെ: സിംബാബ്‌വെയിൽ നടക്കുന്ന അട്ടിമറി ഭരണത്തിന്റെ ഏറ്റവും പുതിയ മാറ്റമാണ് മുപ്പത്തിയേഴ് വർഷം രാജ്യം ഭരിച്ച റോബര്‍ട് മുഗാബെ രാജി വെച്ചത്.

പുറത്താക്കപ്പെട്ട മുൻ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വ സിംബാബ്‌വെ പ്രസിഡന്റായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയാണ്.

സിംബാബ്‍വെ ഇനി സഞ്ചരിക്കുന്നത് ജനാധിപത്യത്തിന്‍റെ പാതയിലാണെന്ന് നിയുക്ത പ്രസിഡന്‍റ് എമേഴ്‌സന്‍ മന്‍ഗാഗ്വ അറിയിച്ചു.

വിദേശത്തായിരുന്ന എമേഴ്‌സന്‍ മന്‍ഗാഗ്വ രാജ്യത്ത് തിരികെ എത്തിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

അട്ടിമറി ഭരണത്തിലുടെ രാജ്യ ഭരണം ഏറ്റെടുത്ത സൈന്യം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയിരുന്നു.

പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സിംബാബ്‌വെ പാര്‍ലമെന്റ് നടപടി തുടങ്ങിയതിനു പിന്നാലെയാണ് മുഗാബെ രാജി വെച്ചത്.

സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്നാണ് ഭരണ പ്രതിസന്ധി ശക്തമായി മാറിയത്.

വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.

സിംബാബ്‍വെ പുതിയ ഭരണത്തിലേയ്ക്ക് നീങ്ങുമ്പോൾ മുഗാബെയുടെ 37 വര്‍ഷത്തെ ഭരണത്തിന്റെ പതനമാണ് ലോകം കാണുന്നത്.

Top