ത്രിരാഷ്ട്ര ട്വന്റി- 20യില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാവെയ്ക്ക് ജയം

ധാക്ക: ത്രിരാഷ്ട്ര ട്വന്റി- 20 ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാവെയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ സിംബാവെ വിജയലക്ഷ്യം കണ്ടു. അഫ്ഗാനിസ്ഥാനെതിരെ ട്വന്റി- 20യില്‍ സിംബാവെ നേടുന്ന ആദ്യ ജയമാണിത്.

ടീമിനെ വിജയത്തിലേക്ക് നയിച്ച ഹാമിള്‍ട്ടണ്‍ മസകഡ്‌സ ഈ മത്സരത്തോടു കൂടി ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. 42 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും അഞ്ച് സിക്‌സും അടക്കം 71 റണ്‍സെടുത്താണ് മസകഡ്‌സ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. റെഗിസ് ചകാബ്‌വ(39), ഷോണ്‍ വില്യംസ്(21), ബ്രണ്ടന്‍ ടെയ്ലര്‍(19) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. അഫ്ഗാനായി മുജീബ് ഉര്‍ റഹ്മാന്‍ രണ്ടും സര്‍ദാന്‍ ഒരു വിക്കറ്റും നേടി.

നേരത്തെ, ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്(61), ഹസ്രത്തുള്ള സാസായി (31) എന്നിവരാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ക്രിസ് പോഫു നാലു വിക്കറ്റ് നേടി. പോഫുവാണ് കളിയിലെ താരം.

Top