ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി സിംബാബ്‌വെ കോച്ച്

ഹരാരെ: ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് സിംബാബ്‌വെ ടീം. ബംഗ്ലാദേശിനെതിരെ ഏകദിന- ടി20 പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ ഇറങ്ങുന്നത്. രണ്ട് പരമ്പരകളും 2-1നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കനത്ത വെല്ലുവിളിയായിരിക്കം സിംബാബ്‌വെ. മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്നാണ് സിംബാബ്‌വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍ പറയുന്നത്.

”ഇന്ത്യന്‍ ടീം പര്യടനത്തിനായി എത്തിയതോടെ വലിയ അവസരമാണ് സിംബാബ്‌വെയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ആസ്വദിക്കാനല്ല ഞങ്ങള്‍ ഇവിടെയുള്ളത്. അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ടീമിന് സാധിക്കും. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ ടീമിന് സാധിക്കും.” ഹൂട്ടന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

”ഇന്ത്യക്ക് മൂന്നോ നാലോ വ്യത്യസ്ത ടീമുകളെ ഇറക്കാനുള്ള ശേഷിയുണ്ട്. ഏത് ടീമിനെ ഇറക്കിയാലും അവരെല്ലാം പരിചയസമ്പത്തുള്ള താരങ്ങളായിരിക്കും. ഇവരെ നേരിടുക എന്നത് ഞങ്ങള്‍ക്ക് പ്രയാസമേറിയ ജോലിയാണ്. ഐപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റും ഞങ്ങള്‍ ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെ കളിക്കണമെന്നുള്ള ധാരണയുണ്ട്.” സിംബാബ്‌വെ പരിശീലകന്‍ പറഞ്ഞു.

ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ റെഗിസ് ചകാബ്വയാണ് നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്‍വിന് പകരമാണ് ചകാബ്വ എത്തുന്നത്. 17 അംഗ ടീമിനെയാണ് സിംബാബ്വെ പ്രഖ്യാപിച്ചത്. ഈമാസം 18നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.

ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. രണ്ടാം ഏകദിനം 20നും മൂന്നാം മത്സരം 22നും നടക്കും. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക. പരിക്ക് കാരണം ബ്ലെസിംഗ് മുസറബാനി, ടെന്‍ഡൈ ചടാര, വെല്ലിംഗ്ടണ്‍ മസകാഡ്സ എന്നിവരില്ലാതെയാണ് സിംബാബ്വെ ഇറങ്ങുക.

Top