സൂയസ് കനാലിൽ നടക്കുന്നത്; 5 കാര്യങ്ങള്‍

സൂയസ് കനാലിൽ ഒരു ഭീമൻ ചരക്കുകപ്പൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാലു ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നോളം ലോകം കണ്ടിട്ടില്ലാത്ത കടൽ യാത്രാ സ്തംഭനമാണ് എവര്‍ ഗിവൺ എന്ന കപ്പൽ സൃഷ്ടിച്ചിരിക്കുന്നത്. ആഗോള കപ്പൽ ഗതാഗതമേഖലയിൽ നിര്‍ണായകമായ സൂയസ് കനാലിൻ്റെ ഇരുഭാഗത്തുമായി ഇരുനൂറിലധികം കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ദിവസം ചെല്ലുന്തോറും കപ്പലുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

കനാലിലെ കുരുക്കഴിയാൻ വൈകുന്തോറും ലോക കപ്പൽ യാത്രാസമയവും ചരക്കുനീക്കവും താളം തെറ്റുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 400 മീറ്റര്‍ നീളമുള്ള കപ്പൽ നിലവിൽ ചെങ്കടലിൽ സൂയസ് കനാലിനു കുറുകെ കിടക്കുകയാണ്. 2 ലക്ഷം ടൺ ഭാരമുള്ള കപ്പൽ നീക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണമായി വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ള കൂടുതൽ സ്ഥാപനങ്ങളെ സ്ഥലത്തെക്കിക്കാനാണ് നീക്കം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ കപ്പലിനെ ചലിപ്പിക്കാനാകുമെന്നും കനാലിലെ യാത്ര തുടരാനാകുമെന്നുമെന്നാണ് ഈജിപ്ഷ്യൻ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവിൽ കപ്പലിൻ്റെ അടിത്തട്ട് ഉറച്ചു നിൽക്കുന്ന തീരത്തെ മണൽ മാറ്റുന്ന നടപടികളാണ് പുരോഗമിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളും ഡ്രജറുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. കപ്പലിനു കേടുപാടുകള്‍ സംഭവിക്കാതിരിക്കാൻ ബലം പ്രയോഗിച്ച് കപ്പൽ വലിച്ചു നീക്കാനാകില്ല. കപ്പലിനു അടിയിലെ മണൽ പൂര്‍ണമായി നീക്കിയാൽ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പൽ സാവധാനം നീക്കാൻ സാധിക്കും. എന്നാൽ കപ്പലിൻ്റെ ഭാരം കുറയ്ക്കാനായി കപ്പലിലെ കണ്ടെയ്നറുകള്‍ മുഴുവൻ മറ്റൊരു കപ്പലിലേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഇതിനായി ആഴ്ചകള്‍ വേണ്ടി വരുമെന്നുമാണ് ചില വിദഗ്ധര്‍ പറയുന്നത്.

ഈ നടപടിയ്ക്ക് ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് യുകെ ചേംബര്‍ ഓഫ് ഷിപ്പിങ് പ്രസിഡൻ്റ് ജോൺ ഡെൻഹോം വ്യക്തമാക്കിയത്. ഇതിനായി അറുപത് മീറ്ററോളം ഉയര്‍ത്താനാകുന്ന ഒരു ക്രെയിൻ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂയസ് കനാലിലെ പ്രതിസന്ധി വിചാരിക്കുന്നത്ര ചെറഉതല്ല. ആഗോള വ്യാപാരത്തിൻ്റെ 12 ശതമാനവും നടക്കുന്നത് 193 കിലോമീറ്റര്‍ നീളമുള്ള വീതികുറഞ്ഞ ഈ കനാലിലൂടെയാണ്. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കടൽപ്പാതയാണിത്. സൂയസ് കനാലില്ലെങ്കിൽ ദക്ഷഇണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി വേണം കപ്പലുകള്‍ക്ക് സഞ്ചരിക്കാൻ. ഇത് രണ്ടാഴ്ചയോളം വരുന്ന യാത്രയാണ്. സമയനഷ്ടത്തിനു പുറമെ കോടികളുടെ ഇന്ധനവും കപ്പൽ കമ്പനികള്‍ക്ക് ചെലവാക്കേണ്ടി വരും.

പോര്‍ട്ട് സൂയസ് അടക്കമുള്ള പ്രദേശങ്ങളിൽ കനാലിലേയ്ക്കുള്ള പ്രവേശനം കാത്ത് നിരവധി കപ്പലുകളാണ് കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസം ചെല്ലുന്തോറും വരിയുടെ നീളം കൂടി വരികയാണെന്നും യുഎസ് പതാകയുള്ള മയേഴ്സ്ക് ഒഹായോ  കപ്പലിലെ ജീവനക്കാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ കപ്പലിൻ്റെ നാലു വശത്തും ഇപ്പോള്‍ മറ്റു കപ്പലുകളും ഇടംപിടിച്ചിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

പോര്‍ട്ട് സൂയസിൽ 107 കപ്പലുകളും കനാലിൻ്റെ നടുവിലായി ഗ്രേറ്റ് ബിറ്റര്‍ ലേക്കിൽ 41 കപ്പലുകളും മെഡിറ്ററേനിയൻ കടലിലെ പോര്‍ട്ട് സെയ്ദിൽ 89 കപ്പലുകളുമാണ് കുടുങ്ങിക്കിടക്കുന്നത്. കുരുക്ക് മൂലം ഓരോ ദിവസവം 9.6 ബില്യൺ ഡോളര്‍ വരുന്ന ചരക്കാണ് പ്രദേശത്ത് കുരുങ്ങിക്കിടക്കുന്നത്. വൻകിട കപ്പൽ കമ്പനികളായ ഹാപാങ് ലോയ്ഡും മയേഴ്സ്കും കപ്പലുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് വഴി തിരിച്ചു വിടണോ എന്നും ആലോചിക്കുന്നുണ്ട്. എവര്‍ ഗിവൺ കപ്പലിൻ്റെ ഫ്ലീറ്റിൽ പെട്ട എവര്‍ ഗ്രീറ്റ് എന്ന കപ്പൽ ഇതിനോടകം തന്നെ ഈ പാത തെരഞ്ഞെടുത്തു കഴിഞ്ഞു.

നിലവിൽ 10 ടഗ് ബോട്ടുകളും രണ്ട് ഡ്രെജറുകളുമാണ് എവര്‍ ഗിവൺ കപ്പലിനെ നീക്കാനുള്ള ശ്രമം നടത്തുന്നത്. ഇതിനു പുറമെ തീരത്തുള്ള മറ്റു യന്ത്രസാമഗ്രികളും സഹായത്തിനുണ്ട്. കപ്പലിലെ 25 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവര്‍ കപ്പലിൽ തന്നെ തുടരുകയാണ്. വെള്ളിയാഴ്ച കപ്പൽ നീക്കാനുള്ള ഒരു ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തീരത്തു നിന്ന് വൻതോതിൽ മണൽ നീക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മണിക്കൂറിൽ 2000 ചതുരശ്ര മീറ്റര്‍ മണ്ണുമാറ്റാൻ ശേഷിയുള്ള ഒരു ഡ്രജറും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ കപ്പലിനുള്ളിൽ മുൻഭാഗത്തെ ഭാരം കുറയ്ക്കാനായി ഉള്ളിലെ വെള്ളവും പമ്പ് ചെയ്തു നീക്കുന്നുണ്ട്. ഞായറാഴ്ച വേലിയേറ്റമുണ്ടാകുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കപ്പൽ നീക്കാനാണ് നിലവിലെ പ്രതീക്ഷ. ഇതിനായി രണ്ട് ടഗ് ബോട്ടുകള്‍ കൂടി എത്തിക്കും.

Top