സൂയസ് കനാലിലെ ഗതാഗത കുരുക്കിന്റെ ബഹിരാകാശ ചിത്രങ്ങളുമായി നാസ

കെയ്‌റോ: ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ് സൂയസ് കനാൽ. ഇവിടെ ആഗോള ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിച്ച് ഒരാഴ്ചയോളമാണ് ഭീമൻ കപ്പലായ എവർ ഗിവൺ കുടുങ്ങി കിടന്നത്. 300 ഓളം കപ്പലുകളാണ് കപ്പലിന് ഇരുവശത്തുമായി കുടുങ്ങിക്കിടന്നത്. ലോകം ഇതുവരെ കാണാത്ത കപ്പൽ ഗതാഗതക്കുരുക്കിനാണ് ഇത് വഴിയൊരുക്കിയത്. ഇതിന്റെ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നാസ ഇപ്പോൾ.

രാത്രിയിൽ പകർത്തിയ മൂന്ന് ചിത്രങ്ങളാണ് നാസ പങ്കുവച്ചത്. ഫെബ്രുവരി ഒന്നിലെ സാധാരണ ഗതിയിലെ ചിത്രം, കപ്പൽ കുടുങ്ങിയതിന് ശേഷം മാർച്ച് 27ലെ ചിത്രം, ഗതാഗത പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാർച്ച് 29ലെ ചിത്രം എന്നിവയാണ് നാസ പങ്കുവച്ചത്. നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റർ എന്ന സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.

മാർച്ച് 27ന് കപ്പലുകൾ 72 കിലോമീറ്റർ നീളത്തിലാണ് സൂയസ് കടലിൽ കാത്ത് കിടന്നത്. 29 ആയപ്പോഴേക്കും കപ്പൽ നിരയുടെ ദൈർഘ്യം 100 കിലോമീറ്റർ ആയെന്നും ചിത്രം വ്യക്തമാക്കുന്നു. കപ്പൽ ഗതാഗതം മുടങ്ങിയതോടെ പ്രതിദിനം 3000 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കപ്പലിലെ ജീവനക്കാർ നിയമ നടപടി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്.

ഷെൻസൻ തുറമുഖത്തു നിന്നും റോട്ടർഡാമിലേക്ക് പോകുന്നതിനിടെയാണ് പടുകൂറ്റൻ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിൽ കുറുകെ തിരിഞ്ഞ് കുടുങ്ങിപ്പോയത്. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ കനാലിന് കുറുകെ വരികയും മണൽത്തിട്ടയിലേയ്ക്ക് ഇടിച്ചുകയറുകയുമായിരുന്നു. മാർച്ച് 30നാണ് തടസ്സങ്ങൾ നീക്കി കൂറ്റൻ ചരക്കു കപ്പലായ എവർ ഗിവൺ ചലിച്ച് തുടങ്ങിയത്.

Top