ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ബഡ്ഡി ഡൈവ് പരീക്ഷണവുമായി മുങ്ങല്‍ വിദഗ്ദ്ധര്‍

ബാങ്കോക്ക് : വടക്കന്‍ തായ്‌ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ‘ബഡ്ഡി ഡൈവ്’ (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാസംഘത്തിലുള്ള അമേരിക്കന്‍ മുങ്ങല്‍ വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചത്. ബഡ്ഡി ഡൈവര്‍ക്കൊപ്പം ഓക്‌സിജന്‍ സിലണ്ടറുമായി മറ്റൊരു ഡൈവറുമുണ്ടാകും.

കുട്ടികളെ മഴക്കാലം കഴിഞ്ഞുമാത്രം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അതിന് നാലു മാസം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ അളവ് കുറയുന്നതിനാല്‍ പെട്ടെന്നുതന്നെ പുതിയ വഴി കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. അതു കൊണ്ടാണ് ബഡ്ഡി ഡൈവ് രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

tai-2

അതേസമയം കുട്ടികളെ ഉടന്‍ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുഹയില്‍ ഓക്‌സിജന്‍ അളവ് കുറയുന്ന സാഹചര്യത്തില്‍ കുട്ടികളെ എത്രയും പെട്ടന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായികരുന്നു അധികൃതര്‍. കുട്ടികളെ പുറത്തെത്തിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്. എന്നാല്‍ എപ്പോള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് ചിയാങ് റായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.
tai-1

ഗുഹയ്ക്കകത്തേക്ക് മലമുകളില്‍ നിന്ന് മറ്റൊരു മാര്‍ഗമുണ്ടാക്കി കുട്ടികളെ രക്ഷപ്പെടുത്താനാവുമോ എന്നും ആലോചിക്കുന്നുണ്ട്. ഇതിനായി ഉപകരണങ്ങളും മറ്റും മലമുകളില്‍ എത്തിച്ചു. എന്നാല്‍ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ വ്യാസത്തില്‍ തുരങ്കമുണ്ടാക്കല്‍ ഏറെ ദുര്‍ഘടം പിടിച്ചതാണെന്നും അതിന് ഏറെനാള്‍ വേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ഇപ്പോള്‍ ഉള്ളത് താരതമ്യേന വിസ്താരം കുറഞ്ഞ സ്ഥലത്താണ്. അതിനാല്‍ ആ നീക്കം വളരെ ബുദ്ധിമുട്ടാണെന്ന് ബ്രിട്ടീഷ് കേവ് റെസ്‌ക്യു കൗണ്‍സില്‍ പറഞ്ഞു.

taialdna

ഗുഹയില്‍ നിന്നും കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് 11 മണിക്കൂറുകള്‍ നീന്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകുകയുള്ളൂ. ആറ് മണിക്കൂറുകള്‍ വേണം കുട്ടികളുടെ അടുത്തെത്തതാന്‍, ഗുഹയില്‍ നിന്ന് തിരികെയെത്താന്‍ 5 മണിക്കൂറും വേണം. ഒരുമിച്ച് ഗുഹയില്‍നിന്ന് പുറത്തേക്ക് വരാനും സാധിക്കുകയില്ല.

ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുന്നതുകൊണ്ട് നീന്തല്‍ ദൂഷ്‌ക്കരമാണ്. ജനുവരി 23നാണ് സംഘം ഗുഹയ്ക്കുള്ളില്‍ പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം തായ് നാവികസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കി.

Top