‘സീറോയുടെ പരാജയം; അടുത്തെങ്ങും ഇനി സിനിമ ചെയ്യില്ലെന്ന് ഷാറൂഖ്

നി അടുത്തെങ്ങും സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് സ്റ്റാര്‍ ഷാറൂഖ് ഖാന്‍. ബിഗ് ബജറ്റ് ചിത്രമായ സീറോയുടെ പരാജയത്തെ തുടര്‍ന്നാണ് അടുത്തെങ്ങും സിനിമ ചെയ്യില്ലെന്ന് താരം വ്യക്തമാക്കിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും അതോടെ ഇനി പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടെന്നും ഷാരൂഖ് പറയുന്നു.

താരത്തിന്റെ വമ്പന്‍ പ്രൊജക്റ്റുകളില്‍ ഒന്നായിരുന്നു ആനന്ദ് എല്‍ റായ് സംവിധാനം നിര്‍വഹിച്ച സീറോ. കുള്ളനായ താരം പ്രത്യക്ഷപ്പെട്ട ചിത്രത്തിന് വലിയ പ്രതീക്ഷയായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്. കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ താരത്തിനൊപ്പമുണ്ടായിരുന്നു. വന്‍ താരനിര തന്നെയുണ്ടായിട്ടും ചിത്രം ബോക്‌സോഫീസില്‍ വലിയ പരാജയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇനി കുറച്ചു നാളത്തേക്ക് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിലെത്താന്‍ ഷാരൂഖ് ഖാനെ പ്രേരിപ്പിച്ചത്.

ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. പരാജയം മനസിനെ പിടിച്ചുലച്ചതിനാല്‍ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. ഒരു സിനിമക്ക് ശേഷം രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം പുതിയ ചിത്രം ചെയ്യാന്‍ തുടങ്ങാറുണ്ട്. എന്നാല്‍ ഇനി സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും സമയം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top