ഡിവൈഎഫ്‌ഐയുടെ തെരുവുനാടകം കൊലപാതകമാക്കി, സീ ന്യൂസിനെതിരെ നടപടി

dyfi

മലപ്പുറം: ഡിവൈഎഫ്‌ഐയുടെ തെരുവുനാടകത്തിലെ രംഗം കൊലപാതകമാക്കി ചിത്രീകരിച്ച് സീ ന്യൂസ്.

മലപ്പുറം ജില്ലയിലെ കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യമാണ് ചാനല്‍ കൊലപാതകമാക്കി ചിത്രീകരിച്ചത്. നടുറോഡില്‍ കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്‍’ ആര്‍എസ്എസ് അനുഭാവിയായ ‘ഹിന്ദുസ്ത്രീയെ’ കൊല്ലുന്നു എന്നാണ് ചാനല്‍ പ്രചരിപ്പിച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടിയുടെ ഭാഗമായിട്ടാണ് ഡിവൈഎഫ്‌ഐ തെരുവുനാടകം അവതരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചാണ് ചാനല്‍ സംഘപരിവാറിനായി നുണ പ്രചരണം നടത്തിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സീ ന്യൂസ് മാപ്പ് പോലും പറയാതെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചായിരുന്നു സീ ന്യൂസിന്റെ വിദ്വേഷ പ്രചരണം.

നാടകത്തിലെ പ്രധാനവേഷം അഭിനയിച്ചത് ഡിവൈഎഫ്‌ഐ കാളികാവ് മേഖലാ സെക്രട്ടറി കൂടിയായ സി.ടി സക്കറിയയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് സക്കറിയ ആക്രോശിക്കുന്ന രംഗമാണ് ചാനല്‍ എടുത്തുകാണിച്ചതും.

അതേസമയം സീ ന്യൂസിന്റെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കലിനെതിരെ സിപിഐഎം നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ജെഎന്‍യുവിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചതും ഇതേ സീ ന്യൂസ് തന്നെയാണെന്നും സിപിഐഎം എംപിയായ എം.ബി രാജേഷ് ആരോപിച്ചു.

തെരുവുനാടകത്തെ വളച്ചൊടിച്ച സീ ന്യൂസിനെതിരെ ദേശീയസംസ്ഥാന നേതാക്കളുമായി ആലോപിച്ച് നിയമനടപടി സ്വീകരിക്കാനുളള ഒരുക്കത്തിലാണെന്നും സക്കറിയ പറയുന്നു.

Top