Action against cmp rebels in Nilambur

നിലമ്പൂര്‍: വിഭാഗീയതയെത്തുടര്‍ന്ന് നിലമ്പൂരില്‍ സി.പി.എം എട്ടു വിമത നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ സ്വയം അംഗത്വമൊഴിഞ്ഞ് നേതൃത്വത്തിനെതിരെ കുറ്റവിചാരണയുമായി സി.പി.എം വിമതര്‍.

മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ വിമതപക്ഷത്തെ എട്ടുപേരെയാണ് സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സി.പി.എം പുറത്താക്കിയത്. ബ്രാഞ്ച് സെക്രട്ടറിമാരായ അമ്പാടി രാമചന്ദ്രന്‍ (വീരാഡൂര്‍കുന്ന്), കെ. ബാലകൃഷ്ണന്‍ (ചക്കാലക്കുത്ത്), പി.വി ബാബുരാജ് (കല്ലേമ്പാടം) നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി. പ്രകാശന്‍, ടൗണ്‍ ബ്രാഞ്ച് അംഗം രാജഗോപാലന്‍, ചക്കാലക്കുത്ത് ബ്രാഞ്ച് അംഗങ്ങളായ ഇല്ലിക്കല്‍ അസീസ്, മുതുകാട് ബ്രാഞ്ച് അംഗം ഭരദ്വാജ്, പട്ടരാക്ക ബ്രാഞ്ച് അംഗം രാജേന്ദ്രന്‍ എന്നിവരെയാണ് പുറത്താക്കിയത്.

നഗരസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ ജനകീയ കൂട്ടായ്മയുടെ ലേബലില്‍ മത്സരിച്ച പി.എം ബഷീര്‍, ഷാനവാസ് , ഗോപാലകൃഷ്ണന്‍ എന്ന മണി, ഉമ്മഴി വേണു എന്നിവരെ നേരത്തെ സി.പി.എം പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയതയുടെ പേരില്‍ നിലമ്പൂരില്‍ സി.പി.എം പുറത്താക്കിയവരുടെ എണ്ണം 12 ആയി.

നേതൃത്വത്തിന്റെ തെറ്റു ചൂണ്ടിക്കാട്ടിയവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ നേതാക്കളെ കുറ്റവിചാരണ നടത്തി തിരിച്ചടിക്കുകയാണ് വിമതപക്ഷം. നൂറോളം പാര്‍ട്ടി അംഗങ്ങള്‍ സ്വയം അംഗത്വംഒഴിഞ്ഞ് പ്രതിഷേധിക്കും. 22ന് സി.പി.എം നേതാക്കള്‍ക്കെതിരെ കുറ്റവിചാരണയും മെമ്പര്‍ഷിപ്പില്‍ നിന്ന് മാറിനില്‍ക്കല്‍ പ്രഖ്യാപനവും നടത്തുമെന്നാണ് വിമതര്‍ അറിയിച്ചിരിക്കുന്നത്.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിമതപക്ഷം ഉന്നയിച്ചത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ചുമതലക്കാരനായ ഇദ്ദേഹം സി.പി.എമ്മിനെ തകര്‍ക്കാന്‍ കരാറെടുത്തയാളാണെന്നും വി.എസ്.ബന്ധം ആരോപിച്ച് മഞ്ഞളാം കുഴി അലി അടക്കമുള്ളവരെ യു.ഡി.എഫിലെത്തിച്ചയാളാണെന്നും അവര്‍ കുറ്റപ്പെടുത്തി. നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നിച്ച് മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ പരമാവധി വിട്ടുവീഴ്ചക്കു തയ്യാറായിട്ടും നിരാശരാക്കുന്ന തീരുമാനമാണ് ഉണ്ടായത്.

നിലമ്പൂരിലെ ഏരിയകമ്മിറ്റി, ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങളിലുണ്ടായ പാര്‍ട്ടി സംഘടന തത്വങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ഉണ്ടായത്. പതിറ്റാണ്ടുകളായി പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചുവന്നിരുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകരെയാണ് ഏരിയ കമ്മിറ്റിയുടെ ദുഷ്‌ചെയ്തി ചോദ്യം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും വിമതപക്ഷം ആരോപിച്ചു.

ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പിനെതുടര്‍ന്നുണ്ടായ വിഭാഗീയതയാണ് നിലമ്പൂര്‍ സി.പി.എമ്മില്‍ പൊട്ടിത്തെറിയില്‍ കലാശിച്ചത്. ഇ.എം.എസ് സെമിനാറിന്റെ പേരില്‍ ഫണ്ട് വെട്ടിപ്പ്, പാര്‍ട്ടി ഓഫീസില്‍ അനാശാസ്യം, മദ്യസല്‍ക്കാരം തുടങ്ങിയ ഗുരുതരമായ ആരോപണം ഉയര്‍ത്തി 87 പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ഇ.എന്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണകമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറെക്കാലം നിലമ്പൂര്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.ടി ഉമ്മറിനെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എം ബഷീറിനെ പുറത്താക്കുകയും ചെയ്തു. വിമതപക്ഷം ജനകീയ കൂട്ടായ്മ എന്നപേരില്‍ പ്രത്യേക പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

നഗരസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തെ ഞെട്ടിച്ച് ജനകീയ കൂട്ടായ്മക്ക് രണ്ട് കൗണ്‍സിലര്‍മാരെ ലഭിച്ചു. സി.പി.എമ്മിന്റെ 10 സീറ്റ് അഞ്ചായി കുറഞ്ഞപ്പോള്‍ ജനകീയ കൂട്ടായ്മ ജനറല്‍ സെക്രട്ടറി പി.എം ബഷീറും മുന്‍ ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്ന മണിയും വിജയിച്ചു. ജനകീയകൂട്ടായ്മ മത്സരിച്ച 11 വാര്‍ഡുകളിലായി 2185 വോട്ടും പിടിച്ചു. സി.പി.എമ്മിനേക്കാള്‍ 339 വോട്ടുകള്‍ കൂടുതല്‍ നേടാനും ജനകീയകൂട്ടായ്മക്കു കഴിഞ്ഞു. ഇതോടെയാണ് വിമതപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ ഏരിയാ കമ്മിറ്റി തീരുമാനിച്ചത്.

Top