സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് മലേഷ്യന്‍ പൊലീസ്

ന്യൂഡല്‍ഹി : വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് മലേഷ്യന്‍ പൊലീസ്. സാക്കിര്‍ നായിക്ക് ഇന്ന് ഇന്ത്യയിലേക്കു വിമാനമേറുമെന്നു മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയും മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

Top