ടി20 ലോകകപ്പിലെ നമ്പര്‍ 1 ചോയ്സ് സ്പിന്നറായിരിക്കും ചാഹല്‍: ഹര്‍ഭജന്‍ സിംഗ്

മുംബൈ: സീനിയര്‍ ടീമിലെത്താന്‍ ബിഷ്ണോയിക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ടി20 ലോകകപ്പില്‍ യുസ്വേന്ദ്ര ചാഹലായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറെന്നും ഹര്‍ഭജന്‍ പറഞ്ഞു. പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഐസിസി അണ്ടര്‍ 19 ക്രിക്കറ്റില്‍ 17 വിക്കറ്റ് നേടിയ താരമാണ് രവി ബിഷ്ണോയി.

‘അണ്ടര്‍ 19 ലോകകപ്പില്‍ രവി ബിഷ്ണോയിയുടെ പ്രകടനം ഗംഭീരമായി. ലെഗ് സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും രവി ബിഷ്ണോയിയും രാഹുല്‍ ചഹാറും നമുക്കുണ്ട്. അമിത് മിശ്രയെ മറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്, ഇപ്പോഴും ഒട്ടേറെ ക്രിക്കറ്റ് അയാളില്‍ ബാക്കിയുണ്ട്. രാജ്യത്തെ ഏറ്റവും പക്വമായ ലെഗ് സ്പിന്നറാണ് മിശ്ര. ബിഷ്ണോയിയെ ആരുമായും താരതമ്യം ചെയ്യരുത്. അദേഹത്തിന്റെ വളര്‍ച്ച കണ്ടറിയാനാണ് ആഗ്രഹം. ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും കാഴ്ചവെക്കുന്ന പ്രകടനം നിര്‍ണായകമാകും’.

‘ടീം തെരഞ്ഞെടുപ്പില്‍ ഐപിഎല്‍ പ്രകടനം വലിയ സ്വാധീനം ചെലുത്തും. സമ്മര്‍ദം നന്നായി അതിജീവിക്കാന്‍ കഴിയുന്ന താരം ടീമിലെത്തു. യുസ്വേന്ദ്ര ചാഹല്‍ ഇതിനകം കഴിവുതെളിയിച്ച താരമാണ്. ടി20 ലോകകപ്പിലെ നമ്പര്‍ 1 ചോയ്സ് സ്പിന്നറായിരിക്കും ചാഹല്‍ എന്നാണ് എന്റെ വിശ്വാസം. ഒരു ബൗളര്‍ക്കും എല്ലാക്കാലവും ഫോമില്‍ തുടരാനാകില്ല. ചാഹലിന് തിരിച്ചുവരവിന് ആവശ്യമായ സമയം നല്‍കുക. അദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പാണ്’-ഹര്‍ഭജന്‍.

Top