ഭാര്യ ധനശ്രീയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുസ്‌വേന്ദ്ര ചാഹല്‍

ബെംഗലൂരു: യുട്യൂബറായ ധനശ്രീ വര്‍മയും ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും തമ്മില്‍ വിവാഹിതരായത് 2020ലാണ്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം വീഡിയോകളും റീലുകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പവും ഐപിഎല്‍ താരങ്ങള്‍ക്കൊപ്പവുമെല്ലാം പതിവായി റീലുകള്‍ ചെയ്ത് ഇരുവരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാണ്.

ഭാര്യ ധനശ്രീയുമായി വേര്‍പിരിയുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചാഹല്‍ ഇപ്പോൾ. തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് പേരിനൊപ്പമുള്ള ചാഹലിന്‍റെ പേര് ധനശ്രീ നീക്കിയതാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ പുതിയ ജീവിതം ആരംഭിക്കുന്നുവെന്ന യുസ്വേന്ദ്ര ചാഹലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി വന്നതോടെ ആരാധകര്‍ അക്കാര്യം ഉറപ്പിച്ചു.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറിയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വിസിക്കരുതെന്ന് ചാഹല്‍ വ്യക്തമാക്കി. ആരാധകരോട് വിനീതമായൊരു അപേക്ഷയുണ്ട്, ഞാനും ധനശ്രീയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. ദയവു ചെയ്ത് അത് അവസാനിപ്പിക്കു. എല്ലാവരോടും സ്നേഹം എന്നായിരുന്നു ചാഹലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്ലിനിടെയും ധനശ്രീ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകളുമായി സജീവമായിരുന്നു. ചാഹലിന്‍റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ജോസ് ബട്‌ലര്‍ക്കൊപ്പമുള്ള ധനശ്രീയുടെയും ചാഹലിന്‍റെയും വീഡീയോ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പിനുള്ള ടീമില്‍ അംഗമായ ചാഹല്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് പോകും. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനൊപ്പവും ചാഹലിനെ ധനശ്രീയും അനുഗമിക്കാറുണ്ട്. ഇത്തവണ ചാഹലിനൊപ്പം ധനശ്രീ ഉണ്ടാകുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Top