ചാഹലിനെതിരേ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് തന്റെ പരാമര്‍ശങ്ങളില്‍ യുവരാജ് ഖേദം പ്രകടിപ്പിച്ചത്. ഒരു തരത്തിലുമുള്ള തരംതിരിവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുവി ഖേദം അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുന്ന തന്റെ ജീവിതം, ഇനിയും അതേപടി തുടരുമെന്നും യുവരാജ് വ്യക്തമാക്കി.

‘ജാതിയുടെയും നിറത്തിന്റെയും വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു തരത്തിലുമുള്ള തരംതിരിവുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് വിശദീകരിക്കാനാണ് ഈ കുറിപ്പ്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് എന്റെ ജീവിതം ഞാന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നത്. അത് ഇനിയും തുടരും. ഓരോ ജീവനും മഹത്തരമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഓരോ വ്യക്തിയെയും അതിയായി ബഹുമാനിക്കുകയും ചെയ്യുന്നു. ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായതായി മനസ്സിലാക്കുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. എങ്കിലും ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്റെ പരാമര്‍ശങ്ങള്‍ അറിയാതെയെങ്കിലും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നു. ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള എന്റെ സ്‌നേഹം നിത്യമാണ്’ യുവരാജ് കുറിച്ചു.

ദിവസങ്ങള്‍ക്കുമുമ്പാണ് രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാന്‍ യുവരാജ് ഉപയോഗിച്ചത്.ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു.

അര്‍ബുദത്തെ പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

Top