ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു ; യുവരാജും റെയ്‌നയും ഇല്ല

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

വെറ്ററന്‍ താരം യുവരാജ് സിംഗിനെ ഒഴിവാക്കിയ ടീമില്‍ സ്പിന്നര്‍മാരായ അശ്വിന്‍, ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യുമാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. കേരളത്തിന്റെ സഞ്ജു സാംസണ്‍ അടക്കമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ബിസിസിഐ ട്വിറ്ററിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്ത വിവരം പുറത്തുവിട്ടത്.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, എം.എസ് ധോണി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വന്ദ്ര ചഹാല്‍, ജസ്പ്രീത് ബൂമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് മനീഷ് പാണ്ഡെ, ശാര്‍ദൂല്‍ ഠാക്കൂര്‍, ചഹാല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് തുണയായത്.

എന്നാല്‍, ടീമിലേക്ക് മടങ്ങിവരവ് കാത്തിരിക്കുന്ന സുരേഷ് റെയ്‌നയെ പരിഗണിച്ചതേയില്ല. അതേസമയം, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോണി തിരിച്ചെത്തി.

Top