ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; ന്യൂസീലന്‍ഡിന് മുന്‍തൂക്കം- യുവരാജ് സിങ്

മൊഹാലി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഉറ്റു നോക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. സതാംപ്റ്റനാണ് മത്സര വേദി. ഒരു മത്സരം മാത്രമാണ് ഫൈനലിലുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് പരമ്പര ജയിക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലടക്കം പരമ്പര നേടിയ ഇന്ത്യക്കൊപ്പം മികച്ച താരനിര തന്നെയുണ്ട്.

മികച്ച പേസര്‍മാരുള്ളതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നിലവില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഫൈനലില്‍ ന്യൂസീലന്‍ഡിന് ഇത് സഹായമാവും. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു മത്സരം മാത്രമുള്ളത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.

‘ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഫൈനലായിരുന്നു അനുയോജ്യമെന്നാണ് തോന്നുന്നത്. കാരണം ആദ്യ മത്സരം തോറ്റാലും അടുത്ത രണ്ട് മത്സരത്തിലൂടെ തിരിച്ചുവരാനുള്ള അവസരമുണ്ട്. ന്യൂസീലന്‍ഡ് നിലവില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ അല്‍പ്പം മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ട്. 8-10 പരിശീലന സെക്ഷനുണ്ട്. എന്നാല്‍ മത്സര പരിശീലനത്തിന് അത് പകരമാവില്ല. ന്യൂസീലന്‍ഡിന് ഇന്ത്യയേക്കാള്‍ മുന്‍തൂക്കമുണ്ട്. ഇന്ത്യ വളരെ ശക്തരായ നിരയാണെന്ന് കരുതുന്നു. കാരണം നമ്മള്‍ വിദേശ പിച്ചില്‍ സമീപകാലത്തായി പരമ്പര നേടി. ബൗളിങ്ങിനൊപ്പം നമ്മുടെ ബാറ്റിങ്ങും കരുത്തുറ്റതായെന്നാണ് കരുതുന്നത്’-യുവരാജ് ആഭിപ്രായപ്പെട്ടു.

Top