യുവരാജ് സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

മൊഹാലി: വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. പഞ്ചാബിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ യുവരാജ് തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട് ബിസിസിഐക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. 2019 ജൂണില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജിന്റെ തിരിച്ചുവരവ് വാര്‍ത്ത ആരാധകര്‍ക്കും പഞ്ചാബിനും സന്തോഷം നല്‍കുന്നതാണ്.

ഐപിഎല്ലില്‍ പങ്കെടുക്കുന്ന പഞ്ചാബ് താരങ്ങളായ ശുബ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, പ്രഭിമാരന്‍ സിങ്, അന്‍മോല്‍ പ്രീത് സിങ് എന്നിവരോടൊപ്പം മൊഹാലിയില്‍ യുവരാജ് നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിന് ശേഷം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ പുനീത് ബാലിയെ യുവരാജ് സമീപിക്കുകയും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് പഞ്ചാബിനുവേണ്ടി കളിക്കാന്‍ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.

തിരിച്ചുവരവ് തീരുമാനം എളുപ്പമല്ലെങ്കിലും പഞ്ചാബിനെ ആഭ്യന്തര മത്സരങ്ങളില്‍ നേട്ടങ്ങളിലേക്ക് എത്തിക്കാനായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും യുവരാജ് പറഞ്ഞു.

Top