യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകം; 21പേര്‍ കസ്റ്റഡിയില്‍

മംഗലാപുരം: കര്‍ണാടകയില്‍ ബെല്ലാരെയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി.തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിവെച്ചത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബെല്ലാരെയിലെത്തിയേക്കുമെന്നാണ് വിവരം.

യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അറസ്‌ററ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

യുവമോര്‍ച്ച ദക്ഷിണ കന്നഡ എക്സിക്യൂട്ടീവ് അംഗമായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നട്ടാരു. പുത്തൂരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു.

പ്രദേശത്ത് ഒരാഴ്ച്ചയ്ക്ക് മുന്‍പ് കാസര്‍ഗോഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസില്‍ ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പ്രവീണിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Top