യൂസഫലി സ്വന്തമാക്കിയത് ലോകത്തെ മികച്ച ഹെലികോപ്‌റ്ററുകളിൽ ഒന്ന്

ലോകത്തെ മികച്ച ഹെലികോപ്‌റ്ററുകളിൽ മുൻ നിരയിലുള്ള എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് ഹെലികോപ്റ്റര്‍ ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ്. ജർമ്മൻ കമ്പനിയുടെ H145 നാല് ടൺ ക്ലാസ് ഇരട്ട-എഞ്ചിൻ റോട്ടർക്രാഫ്റ്റ് ഉൽപ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്.

2021 ഏപ്രിൽ 11 ന് യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് ക്രാഷ് ലാൻഡ് ചെയ്‍തിരുന്നു. ഭാ​ഗ്യത്തിനാണ് പരിക്കേൽക്കാതെ ഇരുവരും അന്ന് രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. അടുത്തിടെ അത് വില്‍പനയ്ക്ക് വച്ചതും വലിയ വാര്‍ത്തയായിരുന്നു. തുടർന്നാണ് പുതിയ ഹെലികോപ്ടറായ എച്ച് 145 യൂസഫലി വാങ്ങിയത്.

ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഒരു മലയാളിയാണ്. ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഇത് ആദ്യം സ്വന്തമാക്കിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ ഹെലികോപ്റ്റര്‍ അദ്ദേഹം വാങ്ങിയത്.

ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ഹെലികോപ്റ്ററിന് ഏതാണ്ട് 100 കോടി രൂപയാണ് വില. എൻജിൻ ശേഷിയും ഏത് കാലവസ്ഥയ്ക്കും അനുയോജ്യമായി പ്രവർത്തിക്കാന്‍ സാധിക്കും എന്നതുമാണ് ഈ ഹെലികോപ്റ്ററിന്‍റെ പ്രധാന പ്രത്യേകത. സിവിൽ, മിലിട്ടറി ദൗത്യങ്ങൾക്ക് ഉപയോ​ഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

രണ്ട് പൈലറ്റുമാരെയും സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ എട്ട് യാത്രക്കാരെയും, ഉയർന്ന സാന്ദ്രതയുള്ള കോൺഫിഗറേഷനിൽ രണ്ട് പൈലറ്റുമാരെയും 10 യാത്രക്കാരെയും ഉൾക്കൊള്ളാൻ H145-ന് കഴിയും. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമേ ഏഴു യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.

മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്നു 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനും കഴിയും. എമർജൻസി ഫ്ലോട്ടുകൾ, റെസ്ക്യൂ ഹോസ്റ്റ്, സെർച്ച്ലൈറ്റ്, കാർഗോ ഹുക്ക് എന്നിങ്ങനെ വേഗത്തിലും എളുപ്പത്തിലും പരസ്പരം മാറ്റാവുന്ന ഓപ്ഷണൽ ഉപകരണങ്ങളുടെ ലഭ്യത H145-ന് സവിശേഷത.

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. 785 കിലോവാട്ട് കരുത്തു നല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എൻജീനാണ് ഹെലികോപ്റ്ററിന്‍റെ ഹൃദയം. വൈവിധ്യമാർന്ന ക്യാബിൻ ലേഔട്ടിനൊപ്പം, മൾട്ടി പർപ്പസ് റോട്ടർക്രാഫ്റ്റ്, സ്വകാര്യ, ബിസിനസ് ഏവിയേഷൻ, ഓഫ്‌ഷോർ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കും വ്യോമ ഗതാഗതത്തിനും എമർജൻസി മെഡിക്കൽ സേവനങ്ങൾക്കും അനുയോജ്യമാണ് ഈ ഹെലികോപ്ടർ.

ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

Top