കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി യൂസഫ് തരിഗാമിയുടെ കരുനീക്കം !

റ്റക്കാണെങ്കിലും ഒന്നാം തരം ഒരു എം.എല്‍.എയായിരുന്നു യൂസഫ് തരിഗാമി. ഭീകരരുടെ അനവധി വധശ്രമങ്ങളെ അതിജീവിച്ച് ജമ്മുകാശ്മീര്‍ താഴ്‌വരയില്‍ ശക്തമായി മുന്നോട്ട് പോകുന്ന ഈ സി.പി.എം നേതാവ് ശക്തമായ മറ്റൊരു നിയമ പോരാട്ടവുമായാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെയാണ് തരിഗാമി സമീപിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങിക്കൂട്ടാന്‍ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളെയാണ് തരിഗാമിയും സി.പി.എമ്മും ചോദ്യം ചെയ്തിരിക്കുന്നത്.

ജമ്മുകശ്മീര്‍ പുനഃസംഘടനാനിയമം നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. മറ്റ് സംസ്ഥാനക്കാര്‍ക്ക് കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങി അത് വാണിജ്യ ആവശ്യത്തിനായി മാറ്റാന്‍ ഈ നിയമങ്ങളില്‍ പഴുതുണ്ട്. ഇത് ജമ്മു കശ്മീരിലെ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന നിയമമായതിനാല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് തരിഗാമി ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം ഭരണഘടനാവിരുദ്ധമായതിനാല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഭൂനിയമങ്ങളും ഭരണഘടനാവിരുദ്ധമാണെന്നതാണ് തരിഗാമിയുടെ നിലപാട്.

ജമ്മുകശ്മീര്‍ വിഷയത്തില്‍ കോടതി മുമ്പാകെയുള്ള ഹര്‍ജികളില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ പുതിയ ഭൂനിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ യൂസഫ് തരിഗാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ പോലും അത്ഭുതപ്പെടുത്തിയ നീക്കമാണിപ്പോള്‍ തരിഗാമി നടത്തിയിരിക്കുന്നത്. ഇത്തരമൊരു ഹര്‍ജി നല്‍കേണ്ടതിന്റെ ആവശ്യകത ഇപ്പോഴാണ് അവരില്‍ പലര്‍ക്കും മനസ്സിലായിട്ടുള്ളത്. രാഷ്ട്രീയപരമായി കടുത്ത വിയോജിപ്പുണ്ടെങ്കിലും ഭീകര വിരുദ്ധ പോരാട്ടത്തില്‍ തരിഗാമിയുടെ പങ്കിനെ കേന്ദ്ര സര്‍ക്കാറിനും തിരസ്‌ക്കരിക്കാന്‍ കഴിയുന്നതല്ല. ജമ്മു കാശ്മീരില്‍ ഏറ്റവും അധികം വധശ്രമത്തിന് വിധേയനായിട്ടുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് തരിഗാമി. ജനകീയ വിഷയങ്ങളില്‍ ഇടപെടലുകളുടെ കാര്യത്തിലും മുന്‍ നിരയില്‍ തന്നെയാണ് ഈ കമ്യൂണിസ്റ്റിന്റെ സ്ഥാനം.

1996 മുതല്‍ തരിഗാമി ജമ്മു കശ്മീര്‍ നിയമസഭയില്‍ അംഗമാണ്. നിലവില്‍ നിയമസഭ തന്നെ ഇല്ലങ്കിലും എപ്പോള്‍ തിരഞ്ഞെടുപ്പു നടത്തിയാലും തരിഗാമി വിജയിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകാന്‍ സാധ്യതയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് തരിഗാമി. ഇതു തന്നെയാണ് ഈ കമ്യൂണിസ്റ്റിന്റെ ജനകീയതക്കും അടിസ്ഥാനം. കുല്‍ഗാം മണ്ഡലത്തില്‍ നിന്നും അവസാന തിരഞ്ഞെടുപ്പില്‍ തരിഗാമി വിജയിച്ചത് 20,574 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ജമ്മു നിയമസഭ പിരിച്ച് വിടപ്പെടുന്നതിന് മുന്‍പ് ഭരണപക്ഷമായിരുന്ന പി.ഡി.പി – ബി.ജെ.പി സഖ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തരിഗാമിയുടെ ഇടപെടല്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചതാണ്.

രാജ്യത്തെ ഞെട്ടിച്ച കത്വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവാണ്. തരിഗാമി നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനും വഴി ഒരുക്കിയിരുന്നത്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളില്‍ കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവായാണ് തരിഗാമി ഇപ്പോഴും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പുതിയ നിയമ പോരാട്ടം കേന്ദ്ര സര്‍ക്കാറിനെയാണ് പ്രതിരോധത്തിലാക്കുന്നത്.

Top