ആ ദുരന്തകഥ പുറം ലോകത്തെ അറിയിച്ച് ജീവൻ, പുതുജീവൻ കൊടുത്ത് എം.എ യൂസഫലി . .

സെന്‍സേഷനുകളുടെ പിന്നാലെ വാര്‍ത്തകള്‍ക്കായി ഓടുന്ന പുതിയ കാലത്ത് ജീവിതത്തിനും മരണത്തിനും ഇടയിലായ ഒരു കുടുംബത്തിന്റെ ദുരന്തകഥ പുറം ലോകത്തെ അറിയിച്ച് അവര്‍ക്ക് പുതുജീവിതം നല്‍കിയിരിക്കുകയാണ് കൈരളി പീപ്പിള്‍ ചാനലും അതിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാറും.

തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോബാങ്ക് മനുഷത്വരഹിതമായി പെരുമാറി റോഡിലിറക്കിവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ തിരുവനന്തപുരം ശാന്തികവാടത്തിനടുത്തുള്ള ആറംഗ കുടുംബത്തിന് ഇനി സ്വന്തം വീട്ടില്‍ തന്നെ ഉറങ്ങാം ആരെയും പേടിക്കാതെ . .

ഗര്‍ഭിണിയുള്‍പ്പെടെയുള്ള കുടുംബം പെരുവഴിയിലായത് ജീവന്‍ കുമാറാണ് കൈരളിയിലൂടെ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് ഇക്കാര്യം express Kerala-യും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മുന്‍ ജീവനക്കാരനായ പ്രദീപിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം ലുലു ഗ്രൂപ്പ് ഈ കുടുംബത്തിന്റെ ബാധ്യത മുഴുവന്‍ ഏറ്റെടുത്ത് ആധാരം അവകാശികള്‍ക്ക് തിരിച്ചുനല്‍കി.

പതിനാലു ലക്ഷം ലോണ്‍ എടുത്ത ഈ കുടുംബം മുതലും പലിശയും അടക്കം ഇരുപത്തിമൂന്ന് ലക്ഷം തിരിച്ചടച്ചിട്ടും ബാങ്ക് വീട് കൈവശപ്പെടുത്തി വീട്ടുകാരെ ഇറക്കി വിടുകയായിരുന്നു.

അപസ്മാര രോഗിയും ഗര്‍ഭിണിയുമായ യുവതിയും 85 വയസ്സുള്ള വൃദ്ധയും ഉള്‍പ്പെടെയുള്ള ആറംഗ കുടുംബമാണ് തെരുവിലിറക്കപ്പെട്ടത്.

ഇപ്പോള്‍ പ്രദീപ് യൂസഫലിയുടെ ജീവനക്കാരനല്ലാതിരുന്നിട്ടും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ സഹായമെത്തിക്കാന്‍ യൂസഫലി കാണിച്ച നല്ല മനസ്സിന് ഈ കുടുംബം കണ്ണീരോടെ നന്ദി പറയുകയാണ്. ഒപ്പം വാര്‍ത്ത പുറത്ത് വിട്ട ജീവന്‍ കുമാറിനുമുണ്ട് ഈ കുടുംബത്തിന്റെ സല്യൂട്ട്.

ആധാരം തിരികെ ലഭിക്കുന്നതിനായി പത്തുലക്ഷത്തോളം രൂപയാണ് ലുലു ഗ്രൂപ്പ് ബാങ്കില്‍ അടച്ചത്.

മുന്‍പ് ദുബായില്‍ ലുലു ഗ്രൂപ്പില്‍ ജോലിക്കാരനായിരുന്ന പ്രദീപ് അസുഖബാധിതനായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്.

Top