കോൺഗ്രസുമായുള്ള ലയന സാധ്യത സംബന്ധിച്ച് മാസവസാനം തീരുമാനമെന്ന് വൈ.എസ്.ശർമിള

ഹൈദരാബാദ് : കോൺഗ്രസുമായുള്ള ലയന സാധ്യത സംബന്ധിച്ച് ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക വൈ.എസ്.ശർമിള. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയായ ശർമിള, പാർട്ടിയുടെ മുതിർന്ന പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.

‘തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമയം അടുത്തിരിക്കുന്നതിനാൽ, കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാധ്യത സംബന്ധിച്ച് സെപ്റ്റംബർ അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകും. കോൺഗ്രസുമായുള്ള സഖ്യം സഫലമായില്ലെങ്കിൽ, സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കും’ – ശർമിളയുടെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ രണ്ടാം വാരം മുതൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും ശർമിള പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചോ ലയിക്കുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിൽ വച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ, എഐസിസി നേതാക്കളുമായി ശർമിള ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Top