വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍; ഖാര്‍ഗെയും രാഹുലും ചേര്‍ന്ന് സ്വീകരിച്ചു

ഡല്‍ഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് ശര്‍മിള പാര്‍ട്ടിയില്‍ ചേര്‍ന്നത്.

തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ നിര്‍ണായക നീക്കം. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷയായിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവും രാജ്യസഭാംഗത്വവും അവര്‍ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കി. വൈ.എസ്.ആറിനെ മകന്‍ ജഗന്റെ മുഖ്യമന്ത്രി മോഹം ഹൈക്കമാന്‍ഡ് തടഞ്ഞതോടെ അദ്ദേഹം പാര്‍ട്ടി വിട്ട് വൈ.എസ്.ആര്‍ പാര്‍ട്ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

Top