സാംസങ്ങിനെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർമാർ

സാംസങ്ങ് ബാറ്ററിയുടെ ഗുരുതരമായ പ്രശ്നം ഉയര്‍ത്തിക്കാട്ടി യൂട്യൂബര്‍മാര്‍. സാംസങ്ങിന്റെ മുന്‍നിരഫോണുകളുടെ ബാറ്ററികള്‍ തനിയെ തടിച്ചുവരുന്നു എന്നതാണ് അവർ ചൂണ്ടികാണിക്കുന്ന പ്രശ്നം. ആനുപാതികമല്ലാത്ത ഉയർന്ന നിരക്കിലുള്ള ബാറ്ററി ചൂടാകുന്ന പ്രശ്‌നം സാംസങ് സ്‌മാർട്ട്‌ഫോണുകളെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ജനപ്രിയ യൂട്യൂബറായ മിസ്റ്റ് ഹൂ സെറ്റ് ദ ബോസ് എന്ന അക്കൌണ്ട് നടത്തുന്ന ടെക് വ്ളോഗര്‍ അരുൺ രൂപേഷ് മൈനിയാണ് ഈ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.

മറ്റ് നിരവധി യൂട്യൂബേര്‍സും, ടെക് വ്ളോഗേര്‍സും തങ്ങളുടെ സാംസങ് ഉപകരണങ്ങളെ കുറിച്ച് സമാനമായ പ്രശ്നങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് പുതിയ സംഭവം ഉയരുന്നത്. വർഷങ്ങൾക്ക് മുമ്പ്, സാംസങ്ങ് ഗാലക്സി നോട്ട് 7 ബാറ്ററിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നു. തീപിടുത്തത്തിന് സാധ്യതയുള്ള നിരവധി ഗാലക്‌സി നോട്ട് 7 ഉപകരണങ്ങളും സാംസങ് അന്ന് തിരിച്ചുവിളിച്ചിരുന്നു.

കൂടാതെ ഫ്ലൈറ്റിലോ കാർഗോയിലോ സ്‌മാർട്ട്‌ഫോൺ കൊണ്ടുപോകുന്നതിന് ആഗോളതലത്തില്‍ തന്നെ ഈ ഫോണിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. തന്റെ കൈയ്യിലുള്ള ഗാലക്സി നോട്ട് 8, ഗാലക്സി S6, ഗാലക്സി S8, ഗാലക്സി S10, ഗാലക്സി S10e, ഗാലക്സി S10 5G, ഏറ്റവും പുതിയ ഗാലക്സി Z Fold 2 എന്നിവയ്ക്ക് ബാറ്ററി പ്രശ്‌നമുള്ളതായാണ് യൂട്യൂബറായ അരുൺ മൈനി പുതിയ വീഡിയോയില്‍ പറയുന്നത്.

അതേ സമയം യൂട്യൂബർ അരുൺ രൂപേഷ് മൈനി പറയുന്നതനുസരിച്ച് സാംസങ്ങിനെ ഈ കാര്യം അറിയിച്ചപ്പോള്‍ പ്രശ്നമുള്ള ഫോണുകൾ അവരുടെ യൂറോ ക്യുഎ ലബോറട്ടറിയിലേക്ക് കമ്പനി അയച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫോണുകള്‍ കൈമാറിയിട്ട് 50 ദിവസത്തിലേറെയായി ഈ വിഷയത്തിൽ ഒരു വിശദീകരണമോ റിപ്പോർട്ടോ തുടർനടപടിയോ സാംസങ്ങ് നല്‍കിയില്ലെന്ന് യൂട്യൂബര്‍ ആരോപിക്കുന്നു. ദിസ് ഈസ് ചാനലിന്‍റെ അവതാരകനായ മാറ്റ് അൻസിനി ഉൾപ്പെടെയുള്ള മറ്റ് യൂട്യൂബർമാരും ഇതിനെ പിന്തുണച്ച് രംഗത്തെത്തി.

Top