യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ്.പി.നായരെ ആക്രമിച്ച കേസില്‍ പ്രശസ്ത ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കേസിലെ 3 പ്രതികള്‍. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22ന് കോടതിയില്‍ ഹാജരാകണം.

സ്ത്രീകള്‍ക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Top