ശ്രീദേവിയുടെ മരണത്തില്‍ ആരോപണവുമായി യുട്യൂബര്‍; യുവതിക്കെതിരെ സിബിഐയുടെ കുറ്റപത്രം

ശ്രീദേവിയുടെ മരണത്തില്‍ ആരോപണവുമായി എത്തിയ യുവതിക്കെതിരെ സിബിഐയുടെ കുറ്റപത്രം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയടക്കം വ്യാജ കത്തുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പച്ച സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുട്യൂബറായ ദീപ്തി ആര്‍ പിന്നിതിക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മോദിക്ക് പുറമേ പ്രതിരോധ മന്ത്രിയുടെ വ്യാജ കത്തും ദീപ്തി പ്രചരിപ്പിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

2018 ഫെബ്രുവരിയിലായിരുന്നു ശ്രീദേവി അന്തരിച്ചത്. ദുബായ്‌യില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യുഎഇയിലെയും സര്‍ക്കാരുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു എന്നായിരുന്നു ദീപ്തി ആര്‍ പിന്നിതി പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഭുവ്‌നേശ്വര്‍ സ്വദേശിയായ ദീപ്തിക്ക് എതിരെയും യുവതിയുടെ അഭിഭാഷകന്‍ സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വര്‍ഷമായിരുന്നു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

യൂട്യൂബറായ ദീപ്തി ഹാജരാക്കിയ രേഖകള്‍ വ്യാജമാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വ്യാജ പ്രചരണത്തില്‍ ദീപ്തിക്കും അഭിഭാഷകനും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി, 465, 469, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ ദീപ്തി ആര്‍ പിന്നിതിക്കെതിരെ കേസ് എടുത്തതിന് പിന്നാലെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുകയും ഫോണുകളും ലാപ്‌ടോപ്പും ഉള്‍പ്പടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിിക്കുന്നതിന് മുന്നേ സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ദീപ്തി ആര്‍ പിന്നിതി വ്യക്തമാക്കി.

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട നടിയാണ് ശ്രീദേവി. ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൂമ്പാറ്റയിലൂടെ 1971ല്‍ ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡടക്കം ശ്രീദേവി നേടിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Top