ദക്ഷിണകൊറിയയില്‍ പുതിയ പ്ലാറ്റ്ഫോം പരീക്ഷിക്കാന്‍ യൂട്യൂബ്

സിയോള്‍: പുതിയ പരീക്ഷണത്തിന് ഒരുങ്ങി യൂട്യൂബ്. ലോകവ്യാപകമായി ഏറ്റവുമധികം ഉപഭോക്താക്കളുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് ദക്ഷിണ കൊറിയയില്‍ പുതിയ ഷോപ്പിങ് ചാനല്‍ ആരംഭിക്കാനൊരുങ്ങുകയാണ്. ലൈവ് കൊമേഴ്സിന് വേണ്ടിയുള്ളതാണിത്. ജൂണ്‍ 30 നാണ് ഇതിന് തുടക്കമിടുക.

നമ്മുടെ നാട്ടിലെ നാപ്റ്റോളിന് സമാനമാണ് ഈ ലൈവ് സ്ട്രീമിങ് കൊമേഴ്സ് ബിസിനസ്. ഇന്‍ഫ്ളുവന്‍സര്‍മാര്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും വിവിധ ഉല്പന്നങ്ങള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. വീഡിയോയില്‍ പരിചയപ്പെടുത്തുന്ന ഉല്പന്നങ്ങള്‍ അപ്പോള്‍ തന്നെ വാങ്ങാനുള്ള ലിങ്കുകളും ഒപ്പമുണ്ടാവും.

മറ്റൊരു രാജ്യത്തും യൂട്യൂബ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിട്ടില്ല. ദക്ഷിണ കൊറിയയില്‍ ലൈവ് സ്ട്രീമിങ് കൊമേഴ്സിന് ജനപ്രീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ ഈ നീക്കം. നേവര്‍ എന്ന കമ്പനിയുടെ ലൈവ് സ്ട്രീമിങ് കൊമേഴ്സ് ഇതിനകം ദക്ഷിണ കൊറിയയില്‍ സജീവമാണ്.

കൊറിയന്‍ ഭാഷയിലായിരിക്കും യൂട്യൂബിന്റെ പുതിയ ചാനലിന്റെ പ്രവര്‍ത്തനം. 90 ദിവസത്തെ പ്രൊജക്ട് എന്ന നിലയിലാണ് ഇത് ആരംഭിക്കുക. കമ്പനികള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത് വില്‍ക്കാനുള്ള പ്ലാറ്റ് ഫോം ആയിരിക്കും ഇത്. 30 ഓളം ബ്രാന്‍ഡുകള്‍ ഇതില്‍ ഭാഗമാകും.

ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും, ഉള്ളടക്കങ്ങളില്‍ നിന്നും ഷോപ്പിങ് നടത്തുന്നത് ആളുകള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുമെന്ന് ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്റ്ലര്‍ ഫെബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

പരസ്യ ദാതാക്കള്‍ പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചതോടെ യൂട്യബിന്റെ പരസ്യ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ടിക് ടോക്ക് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ശക്തമായ മത്സരവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍ യൂട്യൂബ് പരീക്ഷിക്കുന്നത്.

Top