യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍; പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് കമ്പനി

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള പുതിയ പ്ലാനുകള്‍ യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു മാസം, മൂന്ന് മാസം എന്ന കാലയളവിലേക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.

യൂട്യൂബിലെ പരസ്യങ്ങള്‍ വീഡിയോ, മ്യൂസിക് ആസ്വദിക്കാന്‍ പലപ്പോഴും തടസ്സമാവാറുണ്ട്. ഇതിന് പരിഹാരം എന്ന നിലയില്‍ വന്ന യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പണം കൊടുത്താല്‍ പരസ്യങ്ങളുടെ ശല്യമില്ലാതെ തന്നെ വീഡിയോകളും മ്യൂസിക്കും ആസ്വദിക്കാന്‍ സാധിക്കുന്ന സംവിധാനമാണ്. ഇതിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള പുതിയ പ്ലാനുകളാണ് യൂട്യൂബ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള പ്ലാനുകളില്‍ നിന്ന് പുതിയ പ്ലാനുകളെ വ്യത്യസ്തമാക്കുന്നത് ഇതൊരു പ്രീപെയ്ഡ് സ്വഭാവമുള്ള പ്ലാനാണ് എന്നതാണ്. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാല്‍ പ്രീമിയം സേവനം നിര്‍ത്തിവയ്ക്കുന്ന രീതിയാണ് പുതിയ പ്ലാനിലുള്ളത്.

പഴയ പ്ലാനുകളില്‍ സബ്ക്രിപ്ഷന്‍ സമയം കഴിയുമ്പോള്‍ വീണ്ടും പണം ഈടാക്കി സേവനം തുടരുന്ന രീതിയാണ് ഉള്ളത്. പ്രീപെയ്ഡ് പ്ലാന്‍ പര്‍ച്ചേസ് ചെയ്ത് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മെമ്പര്‍ഷിപ്പിലേക്ക് അധിക ടോപ്പ്-അപ്പുകള്‍ ചെയ്ത്‌കൊണ്ട് ഒരു മാസമോ മൂന്ന് മാസമോ പ്രീമിയം സബ്ക്രിപ്ഷന്‍ നേടാന്‍ സാധിക്കും.

യൂട്യൂബ് പ്രീമിയത്തിനായുള്ള പ്രീപെയ്ഡ് പ്ലാന്‍ ഒരു മാസത്തേക്ക് 139 രൂപയും. മൂന്ന് മാസത്തേക്ക് 399 രൂപയുമാണ്. യൂട്യൂബ് മ്യൂസിക് പ്രീമിയം പ്രീപെയ്ഡ് പ്ലാന്‍ ഒരു മാസത്തേക്ക് 109 രൂപയും മൂന്ന് മാസത്തേക്ക് 309 രൂപയുമാണ്. ഒരു മാസമോ മൂന്ന് മാസമോ ഉപയോഗിക്കാനും അത് കഴിഞ്ഞ് ആവശ്യമുള്ളപ്പോള്‍ വീണ്ടും പണം നല്‍കി പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനുമുള്ള ഓപ്ഷനാണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്.

Top