യുട്യൂബ് ചാനലുമായി ആലിയ; മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടരലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

മികച്ച കണ്ടന്റുകള്‍ നിറഞ്ഞ വീഡിയോ യുട്യൂബില്‍ തുടര്‍ച്ചയായി ഇട്ട് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണ് ഒരോ യുട്യൂബേഴ്സും സില്‍വര്‍ ബട്ടണും ഗോള്‍ഡ് ബട്ടണും ഒക്കെ ലഭിക്കാറ്. എന്നാല്‍ 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഒരു ലക്ഷത്തിന് മുകളില്‍ സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കി ഗോള്‍ഡ് ബട്ടണ്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്.

വെറും ഒരു ദിവസം കൊണ്ട് രണ്ടരലക്ഷത്തില്‍ അധികം ആളുകളാണ് ആലിയയെ സബ്സ്രൈബ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതത്തില്‍ നടക്കുന്ന വ്യത്യസ്ത സംഭവവികാസങ്ങളായിരിക്കും ആലിയ യുട്യൂബില്‍ അവതരിപ്പിക്കുക. സംഗതി ഏതായാലും യുട്യൂബേഴ്സിന്റെ ഇടയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വലിയ താരങ്ങള്‍ യൂട്യുബില്‍ എത്തിയാല്‍ ബാക്കിയുള്ളവരുടെ കാര്യം എന്തായിരിക്കുമെന്നാണ് അവരുടെ ചോദ്യം.

പണം സമ്പാദിക്കാന്‍ കഴിയുന്ന പുതിയ കരിയര്‍ ഓപ്ഷനായി ഒട്ടേറെയാളുകള്‍ യൂട്യൂബിനെ തെരഞ്ഞെടുക്കുന്നുണ്ട്. ഈ പ്ലാറ്റ്ഫോമിലേക്ക് ഇത്രയും വലിയ താരങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ അത് തങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീഴുമെന്നാണ് പലരുടെയും ഭയം. ബോളിവുഡില്‍ നിന്നും മോളിവുഡിലേക്കും ഈ ട്രെന്‍ഡ് സഞ്ചരിക്കുന്നതിന് അധികം ദൂരമില്ല. അമൃത സുരേഷ്, പേളി മാണി, അര്‍ച്ചന കവി എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ ഇപ്പോള്‍ യൂട്യൂബിനെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

Top