യൂത്ത് ലോക ചാംപ്യന്‍ഷിപ്പ്: എട്ടു ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ഫൈനലില്‍

കിയെല്‍സ് (പോളണ്ട്): യൂത്ത് ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനം. എട്ട് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. ഇവരില്‍ ഏഴും വനിതാ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. എട്ടു ഫൈനലിസ്റ്റുകളെക്കൂടാതെ മൂന്നു പേര്‍ വെങ്കല മെഡലിനും അവകാശികളായിട്ടുണ്ട്. ഹംഗറിയില്‍ 2018ല്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 10 മെഡലുകള്‍ കൊയ്തയായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഇതാണ് ഇത്തവണ ഇന്ത്യ 11 മെഡലുകളാക്കി മെച്ചപ്പെടുത്തിയിരിക്കുന്നത്.

ഗീതിക (48 കിഗ്രാം), ബേബിറോജിസാന ചാനു (51 കിഗ്രാം), വിന്‍ക (60 കിഗ്രാം), അരുന്ധതി ചൗധരി (69 കിഗ്രാം), പൂനം (57 കിഗ്രാം), തോക്‌ചോം സനാമാച്ചു ചാനു (75 കിഗ്രാം), അല്‍ഫിയ പഠാന്‍ (81 കിഗ്രാം പ്ലസ്) എന്നിവരാണ് വനികളില്‍ ഫൈനലിലെത്തിയിരിക്കുന്നത്. പുരുഷ വിഭാഗത്തിലെ ഏക ഫൈനലിസ്റ്റ് സച്ചിനാണ് (56 കിഗ്രാം). ബാക്കിയുള്ള മൂന്നു പേര്‍ വെങ്കല മെഡലുമായി തൃപ്തിപ്പെടുകയായിരുന്നു. ഇറ്റലിയുടെ എറീക്ക പ്രിസിയന്‍ഡാറോയെ 5-0ന് തകര്‍ത്തായിരുന്നു ഗീതികയുടെ ഫൈനല്‍ പ്രവേശനം. പോളണ്ടിന്റെ നതാലിയ ഡൊമിനിക്കയാണ് ഫൈനലിലെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ ചെക് റിപബ്ലിക്ക് താരം വെറോണിക്ക ഗഡോവയെ 4-ന് വിന്‍ക പരാജയപ്പെടുത്തുകയായിരുന്നു. കസാക്കിസ്താന്റെ സുല്‍ഡിസ് ഷയാക്‌മെതോവയുമായാണ് ഫൈനലില്‍ വിന്‍ക ഏറ്റുമുട്ടുന്നത്.

ഉസ്‌ബെക്കിസ്താന്‍ താരം ഖദിജബോനു അബ്ദുല്ലേവയ്‌ക്കെതിരേ ഏകപക്ഷീയമായിരുന്നു അരുന്ധതിയുടെ വിജയം. 5-0നാണ് ഇന്ത്യന്‍ താരം ജയിച്ചുകയറിയത്. ഫൈനലില്‍ പോളണ്ട് താരം ബാര്‍ബറ മാര്‍സിന്‍കോസ്‌കയാണ് അരുന്ധതിയെ കാത്തിരിക്കുന്നത്. മറ്റു മല്‍സരങ്ങളില്‍ ബേബറോജിസാന ഇറ്റലിയുടെ എലെന്‍ അയാരിയെ 5-0നും പൂനം 5-0ന് ഇസ്‌ബെക്കിസ്താന്റെ സിതോറ തര്‍ദിബെക്കോവയെയും തോല്‍പ്പിക്കുകയായിരുന്നു. മണിപ്പൂരില്‍ നിന്നുള്ള ബേബിറോജിസാന നിലവിലെ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ കൂടിയാണ്.

മറ്റൊരു ഇന്ത്യന്‍ ഫൈനലിസ്റ്റായ ആല്‍ഫിയക്കു വിജയത്തിനായി നന്നായി പൊരുതേണ്ടി വന്നു. പോളണ്ടിന്റെ ഒലിവിയ തൊബോറെക്കിനെയാണ് ആല്‍ഫിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3-2നു കീഴടക്കിയത്. അതേസമയം, പുരുഷ വിഭാഗത്തില്‍ ഇറ്റലിയുടെ മൈക്കല്‍ ബല്‍ഡാസിയെയാണ് സെമിയില്‍ സച്ചിന്‍ ഇടിച്ചുവീഴ്ത്തിയത്. ഏഷ്യന്‍ യൂത്ത് വെള്ളി മെഡല്‍ വിജയി അങ്കിത നര്‍വാള്‍ (64 കിഗ്രാം), ബിശ്വമിത ചോങ്‌തോം (49 കിഗ്രാം), വിശാല്‍ ഗുപ്ത (91 കിഗ്രാം) എന്നിവരാണ് സെമി ഫൈനലില്‍ പരാജയപ്പെട്ടത്തോടെ വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്.

Top