വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടിക്കറ്റുമായി യുവാക്കള്‍ ബൈക്കില്‍ കടന്നുകളഞ്ഞു

ചേര്‍ത്തല: ലോട്ടറി വില്‍പനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടിക്കറ്റുമായി യുവാക്കള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ചേര്‍ത്തല നഗരസഭ 18ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ എഴുപത്തിയെട്ടുകാരിയായ സരോജിനി അമ്മയെയാണ് യുവാക്കള്‍ കബളിപ്പിച്ചത്. ചേര്‍ത്തല എക്‌സ്‌റേ കവലക്ക് സമീപത്ത് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ലോട്ടറി വില്‍പനക്കിടെയാണ് തട്ടിപ്പ്.

ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബര്‍ ടിക്കറ്റുകള്‍ വാങ്ങാനെന്ന വ്യാജേനയാണ് വാങ്ങിനോക്കിയത്. തുടര്‍ന്ന് രണ്ടെണ്ണം തിരികെ കൊടുത്ത് ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരു ടിക്കറ്റിന് 300 രൂപ വരുന്ന ബംബര്‍ ടിക്കറ്റാണ് മോഷണം പോയത്.10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നാണ് ഉപജീവനത്തിനായി ലോട്ടറി വില്‍പന തുടങ്ങിയത്.

ലോക്ക്ഡൗണ്‍ കാലത്ത് ഇല്ലാതിരുന്ന ശേഷം അടുത്തിടെയാണ് ലോട്ടറി വില്‍പ്പന വീണ്ടും ആരംഭിച്ചത്. ഓണക്കാലത്തേക്ക് കുറച്ച് പണം കരുതാനുള്ള വയോധികയുടെ ശ്രമമാണ് യുവാക്കള്‍ ഇല്ലാതാക്കിയത്.

 

Top